ആലുവ: വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിന് റൂറൽ ജില്ലയിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു. സ്റ്റേഷനുകളിലും പൊലീസ് ആസ്ഥാനത്തും ഉദ്യേഗസ്ഥർ ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടാവസ്ഥ ഉണ്ടായാൽ നേരിടുന്നതിന് എസ്.പിയുടെ നേതൃത്വത്തിൽ എമർജൻസി റെസ്‌പോൺസ് ടീം രൂപീകരിച്ചു. ഇവരെ പല ഭാഗങ്ങളിലേക്കും വിന്യസിക്കും.

34 സ്റ്റേഷനുകളിലും കൺട്രോൾറൂം സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിന് ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് നടത്തുന്നുണ്ട്. ക്യാമ്പുകൾ തുറക്കാനുള്ള സ്ഥലങ്ങൾ കണ്ടെത്തി. കൊവിഡ് ബാധിതർക്ക് പ്രത്യേകക്യാമ്പ് സൗകര്യമുണ്ടാകും. പൊലീസ് സഹായം തേടാം. ഗതാഗത തടസമുണ്ടായാൽ വേഗത്തിൽ പരിഹരിക്കാൻ സംവിധാനമുണ്ട്. എമർജൻസി ലൈറ്റ്, പമ്പ് സെറ്റ്, ടോർച്ച്, ലൈഫ് ജാക്കറ്റ്, അസ്‌ക്കാ ലൈറ്റ്, വടം, ജനറേറ്ററുകൾ തുടങ്ങിയവ ഒരുക്കി. ആവശ്യം വന്നാൽ ഉപയോഗിക്കാൻ ചെറുവള്ളങ്ങൾ, ബോട്ട്, ടോറസ് തുടങ്ങിയവയും തയ്യാറാക്കിനിർത്തി.

ദുരന്ത നിവാരണത്തിനായി എൻ.ഡി.ആർ.എഫ് സേനയെ ആലുവയിൽ വിന്യസിച്ചിട്ടുണ്ട്. ഡാമുകളിലേയും, പുഴകളിലേയും ജലനിരപ്പിനെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴി നൽകുന്നുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനനടപടി ഉണ്ടാകുമെന്നും എസ്.പി പറഞ്ഞു.