കൊച്ചി: ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തായുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ കേരള കൗൺസിൽ ഒഫ് ചർച്ചസിന്റെ (കെ.സി.സി) നേതൃത്വത്തിൽ എറണാകുളത്ത് നടത്താനിരുന്ന സമ്മേളനം മാറ്റിവച്ച് ദുരിതബാധിതർക്ക് സഹായമെത്തിച്ചു. കടലാക്രമണത്താൽ ദുരിതമനുഭവിക്കുന്ന ചെല്ലാനം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് ഭക്ഷ്യക്കിറ്റുകളും കൊവിഡ് പ്രതിരോധസാമഗ്രികളും വിതരണം നടത്തിയത്.
ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ എന്നും മുമ്പിൽ ഉണ്ടായിരുന്ന ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയെ അനുസ്മരിച്ചുകൊണ്ട് കെ.സി.സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി. തോമസ് ദുരിതാശ്വാസ സഹായവിതരണം ഉദ്ഘാടനം ചെയ്തു. മർത്തോമ്മ സഭാ ഭദ്രാസന കൗൺസിൽ അംഗം കുരുവിള മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. എബി വർഗീസ് ജോൺ, അലക്‌സാണ്ടർ എം. ഫിലിപ്പ്, എബ്രഹാം സൈമൺ, മറ്റോ തോമസ്, മാത്യു ലൂക്ക് തുടങ്ങിയവർ പ്രസംഗിച്ചു.