1
വീട്ടമ്മമാർ കളക്ടറുടെ ക്യാമ്പിന് മുന്നിൽ

തൃക്കാക്കര: സുരക്ഷിതമായി കിടന്നുറങ്ങാൻ സഹായം ആഭ്യർത്ഥിച്ച് അത്താണി കീരേലിമല 21 കോളനിയിലെ 13 കുടുംബങ്ങൾ ജില്ലാ കളക്ടർക്ക് മുന്നിലെത്തി. ഇന്നലെ രാവിലെ 12 മണിയോടെയാണ് വീട്ടമ്മമാർ കളക്ടറേറ്റിലെത്തിയത്. ഒന്നരയോടെ കളക്ടർ ജാഫർ മാലിക് കളക്ടറേറ്റിലെത്തിയെങ്കിലും ഇടുക്കി, ഇടമലയാർ, മലങ്കര, ഭൂതത്താൻകെട്ട് ഡാമുകൾ തുറക്കുമ്പോൾ മുൻകരുതലിന്റെ ഭാഗമായി തുറക്കുന്നതിന് മുന്നോടിയായി മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ആലുവയിൽ നടന്ന യോഗത്തിൽ പങ്കെടുക്കാൻ വേഗത്തിൽ ഇറങ്ങിയതോടെ വീട്ടമ്മമാർക്ക് കളക്ടറെ കാണാനായില്ല. പിന്നീട് മണിക്കൂറുകളുടെ കാത്തിരിപ്പിന് ഒടുവിൽ ആറുമണിയോടെയാണ് വീട്ടമ്മമാർക്ക് കളക്ടർ കളക്ടറെ കാണാനായത്. പുനരധിവാസം ഉടൻ നടത്താൻ വേണ്ട നടപടി സ്വീകരിക്കാമെന്ന് കളക്ടർ ഇവർക്ക് ഉറപ്പ് നൽകി. രാവിലെ പത്തുമണിയോടെ അതേ ആവശ്യമുന്നയിച്ച് കാക്കനാട് വില്ലേജ് ഓഫീസർ സുനിലിനെ കണ്ടശേഷമാണ് ഇവർ കളക്ടറെ കാണാൻ എത്തിയത്. ജില്ലാ ഭരണകൂടം 13 കുടുംബങ്ങൾക്ക് പുനരധിവാസത്തിനായി കണ്ടെത്തിയ കാക്കനാട് അത്താണി പാറമടയ്ക്ക് സമീപത്തെ റവന്യൂ പുറമ്പോക്കും, ഓലിമുകൾ പള്ളിക്ക് സമീപത്തെ സ്ഥലവും ചില നിയമപ്രശനങ്ങൾ ഉടലെടുത്തതോടെയാണ് ഇവർക്ക് സ്ഥലം അനുവദിക്കുന്നത് വൈകുന്നത്. മഞ്ജു കെ.ആർ, രമ ഹരിദാസ്, മിനി ബാബു, ഫ്ലോറി, ജോളി, ഉഷ എന്നിവരുടെ നേതൃത്വത്തിലാണ് വീട്ടമ്മമാർ ജില്ലാ കളക്ടർക്ക് മുന്നിലെത്തിയത്. കഴിഞ്ഞ ദിവസത്തെ തോരാതെ പെയ്ത കനത്ത മഴയിൽ മണ്ണ് ഇടിഞ്ഞതോടെ റവന്യൂ വിഭാഗം ഈ കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ഇവർ വഴങ്ങിയിരുന്നില്ല.