കൊച്ചി: വെള്ളപ്പൊക്കഭീഷണി ഉയർത്തി നിൽക്കുന്ന വടുതലബണ്ട് വീണ്ടും പ്രതിസന്ധിയാകുന്നു. വെള്ളം സ്വാഭാവിക ഒഴുക്കിനെതിരായി വടുതല പ്രദേശത്തേക്ക് തിരിച്ചുകയറി.
കുറുങ്കോട്ട ദ്വീപ്, വടുതല, കിഴക്കൻ വടുതല, ഡോൺബോസ്‌കോ, താന്തോന്നിത്തുരുത്ത്, പൈനടിദ്വീപ് പ്രദേശങ്ങളിലാണ് ജലനിരപ്പ് ഉയർന്നത്. മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകളും തകർന്നു. ബണ്ടിലും സമീപത്തും മാലിന്യങ്ങൾ അടിയുന്നതും ഭീഷണിയായി. ബണ്ടുമൂലം സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടതിനാൽ വെള്ളം പരന്നൊഴുകുന്നതാണ് പ്രശ്നം.
ആശങ്കയോടെ കുടുംബങ്ങൾ
കുറുങ്കോട്ട ദ്വീപിൽ 65ഉം താന്തോന്നിത്തുരുത്തിൽ 45ഉം കുടുംബങ്ങളുണ്ട്. പൈനടി ദ്വീപിൽ ആൾത്താമസമില്ല. ബണ്ടിൽ മാലിന്യങ്ങളും മണ്ണും ചെളിയുമെല്ലാം അടിഞ്ഞ് ഒഴുക്ക് തടസപ്പെട്ടിരിക്കുന്നതിനാൽ കനത്ത മഴപെയ്താൽ ജലനിരപ്പ് വൻതോതിൽ ഉയരുമെന്ന് ഇറിഗേഷൻ വകുപ്പ് നേരത്തെ റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്. ഡോൺബോസ്‌കോ പ്രദേശത്തും ടി.കെ.സി റോഡിലെ കനാലുകളിലേക്കും വെള്ളം തിരിച്ചുകയറാനുള്ള സാദ്ധ്യതയുമുണ്ട്.
അനുഭവങ്ങൾ കൊണ്ടും പഠിക്കില്ല
2018ലെയും 2019ലെയും വെള്ളപ്പൊക്ക സമയത്ത് ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് വലിയ ദുരിതമാണ് നേരിടേണ്ടിവന്നത്. ഇതേത്തുടർന്നാണ് ബണ്ട് പൊളിച്ച് അവശിഷ്ടങ്ങൾ നീക്കണമെന്ന ആവശ്യം വീണ്ടും സജീവമായത്. ഇറിഗേഷൻ വകുപ്പിന്റെ റിപ്പോർട്ടിൽ 50 കിലോമീറ്ററിലേറെ വെള്ളപ്പൊക്ക സാദ്ധ്യത പ്രവചിച്ചിട്ടും അധികാരികളുടെ കണ്ണ് തുറക്കാത്തതിൽ നിരാശരാണ് ഇവിടത്തുകാർ.
പരിശോധനകൾ നടത്തി
വടുതല ബണ്ട് പ്രദേശത്ത് മഴകനത്ത ദിവസങ്ങളിൽ പരിശോധന നടത്തിയിട്ടുണ്ടെന്ന് ജലവിഭവവകുപ്പ് അറിയിച്ചു. മഴക്കാലത്ത് ജലനിരപ്പ് ഉയരുന്ന ഇവിടെ ഇത്തവണ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായില്ലെന്നും അധികൃതർ പറഞ്ഞു.
അവലോകന യോഗത്തിലും ചർച്ച
ഇടമലയാർ ഡാം തുറക്കുന്നത് സംബന്ധിച്ച് സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലും വടുതലബണ്ട് ചർച്ചയായി. ഒഴുക്കിന് തടസമാകുന്ന ബണ്ട് നീക്കണമെന്ന് ടി.ജെ.വിനോദ് എം.എൽ.എയാണ് ആവശ്യപ്പെട്ടത്. പോർട്ട്ട്രസ്റ്റുമായി സഹകരിച്ച് ഇതിന് നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി പി.രാജീവ് ഉറപ്പ് നൽകുകയും ചെയ്തു.
ബണ്ട് പൊളിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയില്ലെങ്കിലുണ്ടാകുന്ന വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി ഭീകരമാകും. ചിന്തിക്കാനാവുന്നതിലും വലിയ ദുരന്തമായിരിക്കും ഉണ്ടാകുക.
ഡെന്നി
പ്രദേശവാസി
പരിശോധനകൾ നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. നടപടി കൈക്കൊള്ളേണ്ടത് സർക്കാർ തലത്തിലാണ്
ജലവിഭവ വകുപ്പ് അധികൃതർ