കൊച്ചി: കോർപ്പറേഷൻ ഭരണം കൈവിട്ടുപോയ യു.ഡി.എഫും കിട്ടിയ ഭരണം ഭദ്രമായി മുന്നോട്ടുകൊണ്ടുപോകാനുള്ള തത്രപ്പാടിൽ എൽ.ഡി.എഫും ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്നു. ഗാന്ധിനഗർ ഡിവിഷൻ കൗൺസിലർ കെ.കെ. ശിവൻ, സൗത്ത് ഡിവിഷൻ കൗൺസിലർ മിനി മേനോൻ എന്നിവരുടെ നിര്യാണത്തെതുടർന്ന് രണ്ടുവാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. എല്ലാം ഒത്തുവന്നാൽ മുൻ മേയറും ഡെപ്യൂട്ടിമേയറും തമ്മിലുള്ള മത്സരത്തിന് സൗത്ത് ഡിവിഷൻ (62) വേദിയാകും. കോൺഗ്രസിന്റെ കൈയിൽനിന്ന് ബി.ജെ.പി പിടിച്ചെടുത്ത സൗത്ത് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മുൻമേയർ സൗമിനിജെയിനും ഇടതുപക്ഷ സ്ഥാനാർത്ഥിയായി മുൻ ഡെപ്യൂട്ടി മേയർ ബി. ഭദ്രയും മത്സരിക്കുമെന്നാണ് സൂചന. യു.ഡി.എഫിന്റെ ഡെപ്യൂട്ടി മേയറായിരുന്ന ബി.ഭദ്ര ഇക്കുറി എൽ.ഡി.എഫിന് ഒപ്പമാണെന്ന വ്യത്യാസം മാത്രം.
ഏതുവിധേനയും സൗത്ത് ഡിവിഷൻ തിരിച്ചുപിടിക്കണമെന്ന വാശിയിലാണ് യു.ഡി.എഫ്. കോൺഗ്രസിന്റെ കുത്തകസീറ്റായിരുന്ന ഡിവിഷൻ 271 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബി.ജെ.പി പിടിച്ചെടുത്തത് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.
ഗാന്ധിനഗർ ഉപതിരഞ്ഞെടുപ്പിന്റെ തീയതി അടുത്തആഴ്ച പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ചെലവ് ലാഭിക്കുന്നതിന്റെ ഭാഗമായി സൗത്ത്, ഗിരിനഗർ ഉപതിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. അന്തിമ തീരുമാനമെടുക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്.
കോർപ്പറേഷൻ ഭരണം തലനാരിഴയ്ക്ക് നഷ്ടപ്പെട്ടതിന്റെ ക്ഷീണം വിട്ടുമാറാത്ത യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഈ രണ്ട് ഉപതിരഞ്ഞെടുപ്പുകളും ജീവൻമരണപോരാട്ടങ്ങളാണ്. തിരഞ്ഞെടുപ്പ് തീയതി വരുംമുമ്പ് ഗാന്ധിനഗർ ഡിവിഷനിൽ പി.ഡി. മാർട്ടിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് യു.ഡി.എഫ് എതിരാളികളെ ഞെട്ടിച്ചു. കെ.കെ. ശിവന്റെ ഭാര്യയും തിരുവാങ്കുളം മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ബിന്ദു എൽ.ഡി.എഫ് സ്ഥാനാർത്ഥിയായേക്കും.
ജി സ്മാരകത്തിലൂടെ തിരിച്ചുവരവ്
രാഷ്ട്രീയത്തിൽ പുതുമുഖങ്ങളായിരുന്ന സൗമിനി ജെയിനും ഭദ്രയും പത്തുവർഷം മുമ്പാണ് യു.ഡി.എഫ് സ്ഥാനാർത്ഥികളായി പൊതുമണ്ഡലത്തിലെത്തിയത്. ഡെപ്യൂട്ടി മേയറായി തിളങ്ങിയ ഭദ്ര ഭരണത്തിന്റെ അവസാനനാളുകളിൽ യു.ഡി.എഫുമായി അകന്നു. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ സീറ്റും നഷ്ടമായി. സീറ്റ് വാഗ്ദാനവുമായി എൽ.ഡി.എഫ് അന്ന് ഭദ്രയെ സമീപിച്ചെങ്കിലും അഭ്യർത്ഥന നിരസിച്ചു. ജ്ഞാനപീഠജേതാവും മുത്തച്ഛനുമായ ജി.ശങ്കരക്കുറുപ്പിന് സ്മാരകം നിർമ്മിക്കാൻ കഴിഞ്ഞില്ലെന്ന നിരാശയോടെ അവർ പൊതുജീവിതത്തിൽനിന്ന് മാറിനിന്നു. എം.അനിൽകുമാർ മേയറായശേഷം അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ജി.സ്മാരകം യാഥാർത്ഥ്യമാക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു. തറക്കല്ലിടൽ ചടങ്ങിൽ ഭദ്ര മുഖ്യാതിഥിയായതോടെ സൗത്ത് ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങളും ആരംഭിച്ചു.
സൗമിനി വേണ്ടെന്ന് നേതൃത്വം
സൗമിനിയെ മത്സരിപ്പിച്ചാൽ സൗത്ത് സീറ്റ് നിഷ്പ്രയാസം പിടിച്ചെടുക്കാമെന്ന് കോൺഗ്രസിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ഭരണപരിചയമുള്ളതിനാൽ മേയറിന് തുല്യയായ എതിരാളിയായി മാറും എന്നിങ്ങനെയാണ് അനുകൂലഘടകങ്ങൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിലും സൗത്ത്, രവിപുരം ഡിവിഷനിൽ ഏതിലെങ്കിലും മത്സരിക്കാൻ സൗമിനി സന്നദ്ധയായിരുന്നു.