road
പട്ടിമറ്റം നെല്ലാട് റോഡ്

കോലഞ്ചേരി: സാഹസീകയാത്രക്കാരെ നിങ്ങൾക്ക് പട്ടിമറ്റം, നെല്ലാട് റോഡിലേക്ക് സ്വാഗതം. സാധാരണ യാത്രക്കാർക്ക് ഈ വഴി പ്രവേശനവുമില്ല. ജീവനിൽ കൊതിയുള്ളവരാരും ഈ വഴി വരരുത്. വഴിയിൽ വീഴാതെ നെല്ലാട് വരെയെത്താൻ നിങ്ങൾക്ക് കഴിയില്ലെന്നതാണ് കാരണം. വഴിയില്ലാതെ കുഴി മാത്രമായ ഇവിടെ റോഡെന്നത് സ്വപ്നമായി മാറി. പത്ത് വർഷമായി തുടങ്ങിയ ദുരിതമാണ്. ഇതു വരെ അറുതിയായില്ല. മൂവാ​റ്റുപുഴയിൽ നിന്ന് ജില്ലാ ഭരണ കേന്ദ്രത്തിലേക്ക് എത്തുന്ന പ്രധാന സംസ്ഥാനപാതയാണിത്. മഴ കനത്തതോടെ അവശേഷിച്ച റോഡിന്റെ ഭാഗങ്ങളും ഇല്ലാതായി. വർഷങ്ങളായി ടാറിംഗ് നടക്കാത്തതും അറ്റകുറ്റപണികളുടെ പേരിൽ നടക്കുന്ന പ്രഹസനങ്ങളുമാണ് ടൂറിസം മാപ്പിൽ ഇട‌ം പിടിച്ച ഈ പാതയുടെ ദുരവസ്ഥയ്ക്ക് കാരണം. ബി.എം ബി.സി നിലവാരത്തിൽ പുതുക്കി നിർമ്മിക്കാനായി ടെൻഡർ നടപടികളിലേയ്ക്ക് കടന്ന റോഡാണിത്. കിഫ്ബി നിർമ്മാണത്തിന് തുകയും അനുവദിച്ചിരുന്നു. എന്നാൽ കരാറുകാരൻ നഷ്ടമാണെന്ന പേരിൽ പണി ഉപേക്ഷിച്ചു. ഹൈക്കോടതിയിലടക്കം റോഡ് നിർമ്മാണത്തിനായി നിരവധി കേസുകളുമുണ്ട്. റോഡിന്റെ നിർമ്മാണം കെ.ആർ.എഫ്.ബിക്ക് കൈമാറി പുതിയ ടെൻഡർ നടപടികളിലേക്ക് നീങ്ങുകയാണ്. പട്ടിമറ്റം മുതൽ നെല്ലാട് വരെയാണ് ദുർഘടം. മഴ കനത്തതോടെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കാൽനട യാത്ര പോലും ദുഷ്ക്കരമാണ്. ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്ന് എറണാകുളത്തേക്ക് വരുന്ന വാഹനങ്ങൾ ഈ വഴിയിലൂടെയാണ് സഞ്ചരിച്ചിരുന്നത്. ഇപ്പോൾ റോഡ് തകർന്നതോടെ കൊച്ചി ധനുഷ്‌കോടി ദേശീയപാതയെയാണ് ആശ്രയിക്കുന്നത്.

അറ്റകുറ്റ പണികൾക്കായി 2.13 കോടി രൂപ

റോഡ് നിർമ്മാണം തുടങ്ങുന്നതിന് മുന്നോടിയായി അറ്റകുറ്റ പണികൾക്കായി 2.13 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിർമ്മാണത്തിനായുള്ള പ്രീ ക്വാളിഫയിംഗ് നടപടികളും തുടങ്ങി. അടുത്തതായി നടക്കേണ്ട ടെൻഡർ നടപടികൾ വേഗത്തിലാക്കാനും നിർദ്ദേശം നൽകിയതായി എം.എൽ.എ പറഞ്ഞു. മഴ തുടർന്നാൽ പോലും അറ്റകുറ്റ പണി പൂർത്തിയാക്കും വിധമാണ് നടപടികൾ മുന്നേറുന്നത്.