പറവൂർ: കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ തത്തപ്പിള്ളി പൊക്കാളിപാടത്ത് കൃഷിചെയ്ത പൊക്കാളി നെല്ലിന്റെ കൊയ്ത്ത് പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. പറവൂർ സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ പി.പി. അജിത്കുമാറിന്റെ കൃഷിയിടത്തിലാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, പി.പി. അജിത്കുമാർ, സുനിതാ ബാലൻ ഗാന അനൂപ്, കൃഷി അസിസ്റ്റന്റ് എസ്.കെ. ഷിനു, എ.ജി. മുരളി, സി.കെ. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
വംശനാശഭീഷണി നേരിടുന്ന കേരളത്തിന്റെ തനത് പൊക്കാളിനെല്ല് എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പാലക്കത്തോട് കെട്ടിൽ പൊക്കാളി വിത്തുത്പാദന നഴ്സറിയിൽ നിന്നുള്ള വിത്തുകളാണ് വിതച്ചത്. കഴിഞ്ഞവർഷം മൂന്നൂറ് കിലോഗ്രാം തനത് പൊക്കാളി വിത്ത് ഉത്പാദിപ്പിച്ച് വിതരണം ചെയ്തിരുന്നു. പൊക്കാളി വിത്ത് സംരക്ഷിച്ച് എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പത്ത് ഏക്കറിലാണ് കൃഷിയിറക്കിയത്.