മൂവാറ്റുപുഴ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം കൊവിഡ് പശ്ചാത്തലവും കാലംതെറ്റിയെത്തിയ കാലവർഷവും മൂലം ആത്മീയ ചടങ്ങുകളിൽ ഒതുക്കി ആഘോഷിച്ചു. മസ്ജിദുകളുടെയും മദ്രസകളുടെയും നേതൃത്വത്തിലാണ് നബിദിനാഘോഷം നടന്നിരുന്നത്. മസ്ജിദുകളിൽ രാവിലെ മൗലൂദ് പാരായണവും അന്നദാനവും നടന്നു.
പേഴക്കാപ്പിള്ളിയിൽ ഈ മാസം 24 ന് നടക്കുന്ന മീലാദ് കോൺഫ്രൻസ് ലൈറ്റ് ഒഫ് മദീന പ്രഖ്യാപിച്ച സാന്ത്വനം പദ്ധതിയുടെ ഭാഗമായി നബിദിനത്തിൽ മൂവാറ്റുപുഴ സ്‌നേഹ വീട്ടിലെ അമ്മമാർക്ക് ഭക്ഷണ വിതരണം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം.പി.അബ്ദുൽ ജബ്ബാർ കാമിൽ സഖാഫി വിതരണോദ്ഘാടനം നിർവഹിച്ചു. എസ്.വൈ.എസ് സോൺ സെക്രട്ടറി ഷാജഹാൻ സഖാഫി, സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.ബി.ബിനീഷ് കുമാർ എന്നിവർ സംസാരിച്ചു.