കളമശേരി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഏലൂർ - പാതാളം, മഞ്ഞുമ്മൽ-മുട്ടാർ റഗുലേറ്റർ കം ബ്രിഡ്ജുകളിലെ ഷട്ടറുകൾ ഇന്നലെ രാവിലെ തന്നെ ഉയർത്തി. പാതാളത്തെ 13 ഷട്ടറുകളും മുട്ടാറിലെ 9 ഷട്ടറുകളുമാണ് ഉയർത്തിയത്. പാതാളത്തെ ഷട്ടർ 4 ഉയർത്തുമ്പോൾ ഇരുമ്പ് റോപ്പ് പൊട്ടിയതിനെത്തുടർന്ന് ജോലിക്കാരെത്തി ശരിയാക്കി. പാതാളത്ത് ജലനിരപ്പ് ഒരുമീറ്റർ ഉയർന്നാൽ പാലത്തിനടിയിലുള്ള ജനറേറ്റർ പാലത്തിനു മുകളിൽ പുതുതായി നിർമ്മിച്ച ജനറേറ്റർ മുറിയിലേക്ക് മാറ്റുവാനുള്ളള ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. വൈദ്യുതി ലഭിക്കാത്തതിനാലാണ് ജനറേറ്റർ പുതിയ മുറിയിലേക്ക് മാറ്റാതിരുന്നത്. മൈനർ ഇറിഗേഷൻ ഡിപ്പാർട്ടുമെൻ്റിലെ അസി.എൻജിനീയർമാരായ വിശാല, ബിസ്മി, ഓവർസീയർമാരായ രാജീവ്, ശ്രീജേഷ്, കാവ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തുണ്ടായിരുന്നു.