കൊച്ചി: ഇന്നുമുതൽ അതിതീവ്രമഴ പ്രവചിച്ചിട്ടുള്ള സാഹചര്യത്തിൽ കൊച്ചി കോർപ്പറേഷൻ കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കുന്നു. മേയർ എം. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ),റവന്യൂവകുപ്പ്, എൻജിനീയർമാർ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ യോഗംചേർന്നു. സി.എസ്.എം.എൽ

ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആധുനിക സംവിധാനങ്ങളോടെയുളള കൺട്രോൾറൂം ആരംഭിക്കാൻ യോഗത്തിൽ തീരുമാനമായി. കാറ്റും മഴയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾ പൊതുജനങ്ങൾക്ക് കൺട്രോൾറൂം ഫോൺ നമ്പറുകളിൽ വിളിച്ചറിയിക്കാം.നഗരസഭ എൻജിനീയറിംഗ്, ആരോഗ്യവിഭാഗങ്ങൾ പൂർണസജ്ജമായി മുഴുവൻ സമയവും രംഗത്തുണ്ടാകും. ആവശ്യമെങ്കിൽ റവന്യൂ, ഫയർഫോഴ്‌സ്, ഇറിഗേഷൻ വകുപ്പുകളുടെ സേവനവും ലഭ്യമാക്കും.

നഗരത്തിൽ പണിനടന്നുകൊണ്ടിരിക്കുന്ന കാനകൾ കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും ഭീഷണിയാകാതെ നോക്കുന്നതിന് പ്രത്യേക നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാമ്പുകൾ ആവശ്യമനുസരിച്ച് സജ്ജമാക്കും. പ്രത്യേക സ്‌ക്വാഡുകൾ വെള്ളക്കെട്ട് ഒഴിവാക്കാൻ രംഗത്തുണ്ടാകും. സി.എസ്.എം.എൽ സി.ഇ.ഒ ഷാനവാസ്.എസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ. അഷറഫ്, സുനിത ഡിക്‌സൺ എന്നിവരും പങ്കെടുത്തു.

ഇന്ന് ഉച്ചമുതൽ കൺട്രോൾ റൂം പ്രവർത്തമാരംഭിക്കും. ഫോൺ നമ്പറുകൾ: 9495728516, 9495728416.