മൂവാറ്റുപുഴ: മൂവാറ്റുപുഴ -തൊടുപുഴ റോഡിൽ മാവിൻചുവട് ജംഗ്ഷനിൽ റോഡിലേക്ക് ചാഞ്ഞ് അപകടാവസ്ഥയിലുള്ള മരം അഗ്നിരക്ഷാ സേനയും സിവിൽ ഡെഫൻസും ചേർന്ന് വെട്ടിമാറ്റി. ദിവസേന ആയിരങ്ങൾ സഞ്ചരിക്കുന്ന റോഡിൽ ഏതുനിമിഷവും റോഡിലേക്ക് മറിഞ്ഞുവീഴാവുന്ന അവസ്ഥയിലായിരുന്ന അപകടകരമായി നിന്ന മരം മുറിച്ചുമാറ്റണമെന്നാവശ്യം ശക്തമായിരുന്നു. പ്രദേശവാസികളുടെ കൂടി സഹായത്തോടെ ഗതാഗതം ഭാഗികമായി നിർത്തിവെച്ചാണ് മരം മുറിച്ചു മാറ്റിയത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴ മാറിയതിന് ശേഷം സിവിൽ ഡിഫൻസ് സ്റ്റേഷൻ കോഓർഡിനേറ്റർ സി.എ.നിഷാദിന്റെ നിർദേശത്തെ തുടർന്ന് അഗ്നിരക്ഷാ നിലയ പരിധിയിലെ അപകട സാധ്യതകൾ വിലയിരുത്തുന്നതിനിടക്കാണ് അപകടാവസ്ഥയിലുള്ള മരം സിവിൽ ഡിഫൻസിന്റെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ ടി.കെ.സുരേഷിനെ വിവരം അറിയിക്കുകയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.പി.സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സംഘം എത്തി മരം മുറിച്ചു മാറ്റുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷമീർ ഖാൻ, ലിബിൻ ജെയിംസ്, സിദ്ധിഖ് ഇസ്മൈൽ, ഹോം ഗാർഡ് ടോമി പോൾ എന്നിവരോടൊപ്പം സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ നിതിൻ എസ്.നായർ ഗ്രൂപ്പ് ക്യാപ്ടൻമാരായ അൻസിൽ ,അൻസാർ ,ബിലാൽ പി.ബഷീർ, ആനന്ദ് രാജ് എന്നിവരും പങ്കെടുത്തു.