ve-la-yudhan
പ്രാവുകൾക്ക് അന്നം കൊടുക്കുന്ന വേലായുധൻ

കളമശേരി: ഫാക്ട് ജംഗ്ഷനിലേക്ക് ഏലൂർ നോർത്ത് കുഴിക്കണ്ടം വീട്ടിൽ കെ.കെ. വേലായുധൻ അതിരാവിലെ വരുമ്പോൾ കൈയിലൊരു പൊതിയുണ്ടാകും. ഗോതമ്പും ടൈഗർ ബിസ്കറ്റുമായിരിക്കും പൊതിയിൽ.

രാവിലെ ഏഴോടെ ഫാക്ട് ജംഗ്ഷനിലെ ഫെറി റോഡ് ബസ് സ്റ്റോപ്പിനടുത്ത് ഇലക്ട്രിക് കമ്പികളിൽ വരിവരിയായി പ്രാവുകൾ വേലായുധനെയും കാത്തിരിപ്പുണ്ടാകും. അവയ്ക്ക് ഗോതമ്പുമണികൾ നൽകിയിട്ടേ ലോട്ടറിക്കച്ചവടം തുടങ്ങൂ. പ്രാതൽ കഴിച്ച് പ്രാവുകൾ പറന്നുപോയാൽ തെരുവ് നായ്ക്കളുടെ വരവായി. അവർക്കുള്ള ബിസ്ക്കറ്റ് തിന്നാൻ. പ്രാവുകൾ ഉച്ചയ്ക്കെത്തുമ്പോൾ ഗോതമ്പിനൊപ്പം കപ്പലണ്ടിയുമുണ്ടാകും. കൂട്ടത്തിൽ ചിലർക്ക് വേലായുധന്റെ കൈവെള്ളയിൽ നിന്ന് കൊത്തിപ്പെറുക്കിയാലെ തൃപ്തിയാകൂ. അവർ ഭയമില്ലാതെ ലോട്ടറി കൂടാരത്തിലേക്ക് പറന്നുകയറും.

വീട്ടമ്മയായ ലത നിത്യേന എത്തിക്കുന്ന പൊതിച്ചോർ നായ്ക്കൾക്ക് നൽകും. നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിച്ച് നന്ദിയും പ്രകടിപ്പിച്ച് അവർ പോകും.

ഫാക്ടിന്റെ ഹെഡ് ഓഫീസ് കെട്ടിടത്തിലാണ് പ്രാവുകളുടെ വാസം. വൈകിട്ടും പ്രാവുകളെത്തും. 66 കാരനായ വേലായുധൻ ലോട്ടറിക്കച്ചവടം തുടങ്ങിയിട്ട് 16 വർഷമായി. പ്രാവുകൾക്ക് അഞ്ചുവർഷമായി മുടങ്ങാതെ ഭക്ഷണം നൽകുന്നു. ദിവസേന 200 രൂപ ചെലവുവരും. ലോട്ടറി വിറ്റുകിട്ടുന്ന വരുമാനത്തിൽ നിന്നാണ് ഇത് ചെലവാക്കുന്നത്. വേലായുധന്റെ സൽപ്രവൃത്തി കണ്ട് ചിലർ അരിയോ ഗോതമ്പോ സൗജന്യമായി നൽകാറുമുണ്ട്.

ഭാര്യ ശോഭനയും മക്കളായ അജേഷും രാജേഷും പിന്തുണയുമായുണ്ട്.

'