road-
സന്തോഷ്‌ കാരാമൻ നേതൃത്വത്തിൽ മൂവാറ്റുപുഴ കായനാട് പെരുവം മൂഴി റോഡിലെ കുഴി കോൺക്രീറ്റ് ചെയ്ത് നികത്തുന്നു

പിറവം: മാറാടി കായനാട് റോഡിലെ കുഴികൾ നാട്ടുകാർ കോൺക്രീറ്റ് ഉപയോഗിച്ച് അടച്ചു. മേളകുന്ന്, റേഷൻകട ഭാഗം, പുളിക്കകൂടി വളവ്, ഓണശ്ശേരിക്കടവ് തുടങ്ങിയ ഭാഗത്ത്‌ റോഡിൽ വൻകുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. നിരവധി ചെറുവാഹനങ്ങൾ കുഴികളിൽ വീണ് അപകടമുണ്ടാകുന്നത് പതിവാണ്. കഴിഞ്ഞ ദിവസം ഗർഭിണിയായ ഭാര്യയുമായി പോയ ഇരുചക്രവാഹനം ഓണശേരിക്കടവ് ഷാപ്പിന് മുൻവശത്ത് റോഡിലെ കുഴിയിൽ വീണ് ഇരുവർക്കും സാരമായ പരിക്ക് പറ്റിയിരുന്നു. ഈ റോഡിലൂടെ അമിത വേഗത്തിൽ ഓവർലോഡുമായി പോകുന്ന ടോറസ് ലോറികൾ കാൽനടക്കാർക്കും ചെറുവാഹനങ്ങൾക്കും ഭീഷണിയായിരിക്കുകയാണ്.

റോഡിലെ കുഴികൾ അടച്ച് സഞ്ചാര യോഗ്യമാക്കണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും മാറാടിപഞ്ചായത്ത് അധികൃതരും പി.ഡബ്ല്യുയുവും തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് പ്രദേശവാസിയും സാമൂഹികപ്രവർത്തകനുമായ സന്തോഷ്‌ കാരാമൻ പറഞ്ഞു. അദ്ദേഹം സ്വന്തം പണം മുടക്കി പ്രദേശവാസികളോടൊപ്പം ചേർന്നാണ് റോഡിലെ വൻ ഗർത്തം കോൺക്രീറ്റ് ചെയ്തത്.