ആലുവ: പെരിയാറിലെ ജലനിരപ്പ് ഉയരുന്നത് കൃത്യമായി നിരീക്ഷിക്കുന്നതിന് ആലുവയിലും കാലടിയിലും പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ഇടുക്കി, ഇടമലയാർ ഡാമുകൾ തുറന്ന സാഹചര്യത്തിൽ ആലുവയിൽ പെരിയാറിലെ ജലനിരപ്പ് പരിശോധിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 20, 21 തീയതികളിൽ യെല്ലോ അലർട്ട് ആയിരുന്നത് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം ഓറഞ്ച് അലർട്ട് ആയിരിക്കുകയാണ്. അതിനാൽ മഴ കുറയാനാണ് സാദ്ധ്യത. എന്നിരുന്നാലും കെ.എസ്.ഇ.ബിയുടെ നഷ്ടത്തേക്കാൾ മനുഷ്യജീവനാണ് വിലയെന്നതിനാലാണ് ഡാമുകൾ തുറക്കാൻ തീരുമാനിച്ചത്. നിയന്ത്രിതമായി തുറക്കുന്നതിനാൽ മനുഷ്യജീവന് യാതൊരു ഭീഷണിയുമില്ല. പമ്പയും ജലനിരപ്പ് ഉയർന്നുള്ള ഭീഷണിയില്ല.
ഒരിടത്തും അപകടനിലയിലേക്ക് ജലനിരപ്പ് ഉയർന്നിട്ടില്ല. 3.76 മീറ്ററാണ് ആലുവയിലെ അപകടനില. നിലവിൽ 1.17 മീറ്റർ വെള്ളം മാത്രമാണുള്ളത്. 2.5 മീറ്ററിലാണ് അപകട മുന്നറിയിപ്പ് നൽകുന്നത്. കാലടിയിൽ 10 മീറ്ററാണ് അപകടനില. ഒമ്പത് മീറ്ററിൽ അപകടമുന്നറിയിപ്പാണ്. നിലവിൽ 3.15 മീറ്റർ മാത്രമാണ് ജലനിരപ്പ്. എന്തെങ്കിലും കാരണവശാൽ ജലനിരപ്പ് അനിനിയന്ത്രിതമായാൽ ഇടുക്കിയിൽ വെള്ളം തുറന്നുവിടുന്നത് നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ഇ.ബിക്ക് നഷ്ടം 18.24 കോടി
കഴിഞ്ഞ ദിവസങ്ങളിലെ പ്രകൃതി ദുരന്തങ്ങളിലായി വൈദ്യുതി ബോർഡിന് 18.24 കോടി രൂപ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി പറഞ്ഞു. അണക്കെട്ട് തുറന്നുവിട്ടതിൽ മാത്രം 10 കോടി രൂപയുടെ നഷ്ടമുണ്ടായി. ഉറുമി, പെരുംതേനരുവി പദ്ധതികളിൽ 10 മെഗാവാട്ട് വൈദ്യുതി ഉത്പാദനം കുറഞ്ഞതായും മന്ത്രി പറഞ്ഞു.