പറവൂർ: സി.പി.എം പറവൂർ ഏരിയ സമ്മേളനത്തിന് ആവേശോജ്വല തുടക്കം. ചേന്ദമംഗലത്ത് പാലിയം സമരസേനാനി എ.ജി. വേലായുധന്റെ സ്മൃതിമണ്ഡപത്തിൽ നിന്ന് കെ.എ. വിദ്യാനന്ദന്റെ നേതൃത്വത്തിൽ കൊടിമരവും പാല്യത്തുരുത്തിൽ കെ.യു. ദാസിന്റെ സ്മൃതിമണ്ഡപത്തിൽ നിന്ന് എ.ബി. മനോജിന്റെ നേതൃത്വത്തിൽ പതാകയും ഏഴിക്കരയിൽ കെ.കെ. ഗോപിയുടെ സ്മൃതിമണ്ഡപത്തിൽ നിന്ന് എം.കെ. വിക്രമന്റെ നേതൃത്വത്തിലുള്ള ബാനറും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ മുനിസിപ്പൽ കവലയിൽ സംഗമിച്ചു. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സമ്മേളന വേദിയായ ചേന്ദമംഗലം കവലയിലെ എൻ.എസ്.എസ് ഹാളിലെത്തി. സ്വാഗതസംഘം ചെയർമാൻ ടി.വി. നിഥിൻ പതാക ഉയർത്തി. ഇന്ന് രാവിലെ പത്തിന് ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഏരിയ സെക്രട്ടറി ടി.ആർ. ബോസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ഏരിയായിലെ ഏഴ് ലോക്കൽ കമ്മറ്റികളിൽ നിന്നായി 135 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.