mahilalayam-bridge
മഹിളാലയം - തുരുത്ത് പാലത്തിൽ ഇന്നലെ വൈകിട്ട് വെള്ളം ഉരുന്നത് കാണുന്നതിനായി തടിച്ച് കൂടിയ ജനക്കൂട്ടം

ആലുവ: ഇടുക്കി, ഇടമലയാർ ഡാമുകൾ തുറന്നിട്ടും പെരിയാറിലെ ജലനിരപ്പ് കാര്യമായി ഉയരാതിരുന്നത് ജനങ്ങൾക്കും അധികൃതർക്കും വലിയ ആശ്വാസമായി. അതേസമയം പെരിയാറിലെ ജലനിരപ്പ് ഉയരുന്നത് കാണാൻ നിരവധിയാളുകളാണ് ഇന്നലെ ഉച്ചകഴിഞ്ഞതോടെ തീരങ്ങളിലേക്ക് എത്തിയത്.

ചെറുതോണി ഡാം തുറന്ന സാഹചര്യത്തിൽ ഇന്നലെ വൈകിട്ട് നാല് മണിയോടെ ആലുവ പെരിയാറിൽ ജലനിരപ്പ് ഉയരുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ തിങ്കളാഴ്ച വൈകിട്ടും ഇന്നലെ രാവിലെയുമുണ്ടായ ജലനിരപ്പിനെ അപേക്ഷിച്ച് കുറയുകയായിരുന്നു. ആലുവയിൽ കെ.എസ്.ഇ.ബി മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത് തോട്ടക്കാട്ടുകരയിലെ പെരിയാർവാലി ഇറിഗേഷൻ കടവിലാണ്. ഇവിടെ തിങ്കളാഴ്ച്ച വൈകിട്ട് 1.9 മീറ്റർ വെള്ളമുണ്ടായിരുന്നത് ഇന്നലെ രാവിലെ ഒമ്പത് മണിക്ക് 1.3 മീറ്ററായി കുറഞ്ഞു. വൈകിട്ട് വീണ്ടും കൂടുമെന്ന് കരുതിയെങ്കിലും 1.17 ആയി വീണ്ടും കുറയുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ ഏറ്റവും അധികം ജലനിരപ്പ് ഉയർന്നത് തിങ്കളാഴ്ച വൈകിട്ടാണ്.

 ജലനിരപ്പ് ഉയരുന്നത് കാണാൻ തിരക്ക്

ശിവരാത്രി മണപ്പുറത്തിന് പുറമെ പെരിയാറിന് കുറുകെയുള്ള മണപ്പുറം നടപ്പാലം, മാർത്താണ്ഡ വർമ്മപാലം, മംഗലപ്പുഴപാലം, കൊട്ടാരക്കടവ്, മഹിളാലയം - തുരുത്ത് പാലം എന്നിവിടങ്ങളിലെല്ലാം ഇന്നലെ വൈകുന്നേരം മുതൽ ആളുകളുടെ തിരക്കായിരുന്നു. കുടുംബസമേതവും സുഹൃത്തുക്കൾക്കൊപ്പവുമാണ് ജലനിരപ്പ് ഉയരുന്നത് കാണാൻ ആളുകളെത്തിയത്. തീരപ്രദേശങ്ങളിൽ മഴമാറി നിന്നതാണ് ജലനിരപ്പ് ഉയരാതിരിക്കാൻ പ്രധാനകാരണം. മണപ്പുറത്തെ ഭൂനിരപ്പിൽനിന്ന് ഏകദേശം മൂന്നടിയോളം താഴ്ന്നാണ് മണപ്പുറത്തെ ശിവക്ഷേത്രം. ക്ഷേത്രത്തിനകത്തെ സാധാരണ മഴവെള്ളം പുഴയിലേക്ക് ഒഴുകുന്നതിന് സ്ഥാപിച്ചിട്ടുള്ള പൈപ്പ് വഴിയാണ് പെരിയാറിൽ ജിലനിരപ്പ് ഉയരുമ്പോൾ തിരികെ വെള്ളംകയറുന്നത്. അത്തരത്തിൽപോലും ഇന്നലെ വൈകിട്ട് പെരിയാറിൽനിന്ന് ക്ഷേത്രത്തിലേക്ക് വെള്ളം കയറിയില്ല. മാത്രമല്ല വെയിലുണ്ടായതിനാൽ ക്ഷേത്രത്തിനകത്ത് മഴയോടൊപ്പെം കയറിയ ചെളിയെല്ലാം ഉണങ്ങുകയും ചെയ്തു.

മഹിളാലയം - തുരുത്ത് പാലത്തിൽ തിരക്കേറിയതിനെ തുടർന്ന് പൊലീസെത്തി ജനങ്ങൾ കൂട്ടം കൂടി നിൽക്കരുതെന്നും വാഹനങ്ങൾ പാലത്തിൽ നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ട് അനൗൺസ്‌മെന്റ് നടത്തി. ഈ സമയത്തും പരുന്തുറാഞ്ചി മണപ്പുറംപോലും മുങ്ങിയിരുന്നില്ല.

 ദുരന്ത നിവാരണ സേന

ദുരന്ത നിവാരണസേനയുടെ ഒരുകമ്പനി ആലുവയിൽ ക്യാമ്പ് ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. 22 അംഗ സംഘമാണ് ആലുവ വൈ.എം.സി.എ യിൽ ക്യാമ്പ് ചെയ്തിട്ടുള്ളത്. മുൻകാലങ്ങളിൽ വെളളം കയറിയ പ്രദേശങ്ങൾ സംഘം സന്ദർശിച്ച് മുന്നൊരുക്കങ്ങൾ നടത്തി. ടീം കമാൻഡന്റ് രാംബാബു, സബ് ഇൻസ്‌പെക്ടർ പ്രമോദ്കുമാർ എന്നിവരടങ്ങുന്ന ദുരന്തനിവാരണ സേനയുടെ ആറക്കോണത്തുളള നാലാംബറ്റാലിയനാണ് ജില്ലാ പൊലീസിനൊപ്പം ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. പറവൂരും സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.