കാലടി: കനത്ത മഴയെത്തുടർന്ന് ഇടുക്കി, ഇടമലയാർ ഡാമുകളുടെ ഷർട്ടർ തുർന്നതിനെത്തുടർന്ന് കാലടിയിൽ വെള്ളം ഉയർന്നാൽ നേരിടാൻ ജില്ലാ ഭരണകൂടം സജ്ജമായി. ഇതിനായി നാല് വള്ളങ്ങൾ തഹസിൽദാരുടെ നേതൃത്വത്തിൽ കാലടിയിൽ എത്തിച്ചിട്ടുണ്ട്. പൊലീസ് സ്ഥലം സന്ദർശിച്ച് മലവെള്ളം ഉയർന്നാൽ മാറ്റേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി. ക്യാമ്പിലേക്ക് മാറ്റേണ്ട ആളുകളെ സേന തന്നെ മാറ്റിപ്പാർപ്പിക്കും. സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂം സജ്ജമാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തെക്കുറിച്ച് വ്യാജപ്രചാരണങ്ങൾ നടത്തുന്നവരെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. പുഴയുടെയും തോടുകളുടെയും തീരങ്ങളിൽ കാഴ്ചക്കാരെ ഒരു കാരണവശാലും കൂട്ടുംകൂടി നിൽക്കാൻ അനുവദിക്കില്ല. നൈറ്റ് പട്രോളിംഗ് ശക്തമാക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന രക്ഷാപ്രവർത്തനങ്ങളെ ആലുവ തഹസിൽദാരും പൊലീസ് മേധാവിയുടെ നേതൃത്വത്തിലും ഏകോപ്പിക്കുമെന്ന് കാലടി സി ഐ ബി. സന്തോഷ് പറഞ്ഞു. 2018ലെ വെള്ളപ്പൊക്കം ദുരിതം വിതച്ച പ്രദേശമാണ് കാലടി .