# നറുക്കെടുപ്പ് തീയതി ഉടൻ
തൃക്കാക്കര : പതിറ്റാണ്ടുകളായി മണ്ണിടിച്ചിൽ ഭീതിയിൽ കഴിയുന്ന അത്താണി കീരേലിമല 21 കോളനി നിവാസികളുടെ ദുരിതത്തിന് അറുതിയാവുന്നു. പുനരധിവാസത്തിനായി കാക്കനാട് ഓലിമുകൾ പള്ളിക്ക് സമീപത്തെ നാല്പത് സെന്റ് പുറമ്പോക്ക് ഭൂമിയിൽ ഇവരെ പുനരധിവസിപ്പിക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. സുരക്ഷിതമായി കിടന്നുറങ്ങാൻ സഹായം ആഭ്യർത്ഥിച്ച് അത്താണി കീരേലിമല 21 കോളനിയിലെ 13 കുടുംബങ്ങൾ കഴിഞ്ഞദിവസം ജില്ലാ കളക്ടർക്ക്മുന്നിലെത്തിയിരുന്നു.
പതിമൂന്ന് സ്ലോട്ടുകളായി തിരിച്ച് നറുക്കെടുപ്പിലൂടെയാവും സ്ഥലം അനുവദിക്കുന്നത്. ഇതിന് മുന്നോടിയായി ജനപ്രധിനിധികൾ അടക്കമുള്ളവരുടെ യോഗം ഉടൻ ചേരുമെന്ന് അധികൃതർ വ്യക്തമാക്കി. പുനരധിവാസം അടക്കമുള്ളവയുടെ പൂർണചുമതല കണയന്നൂർ തഹസിദാർക്ക് നൽകി ജില്ലാ കളക്ടർ ഉത്തരവിട്ടു. കാക്കനാട് വില്ലേജ് ഓഫീസർ സുനിലിന്റെ നേതൃത്വത്തിൽ ഭൂമി അളന്നുതിരിച്ച് വൃത്തിയാക്കി റിപ്പോർട്ട് തയ്യാറാക്കി.
റവന്യൂ അധികൃതർ സ്ഥലത്തെത്തി ഓരോ കുടുംബങ്ങൾക്ക് നൽകേണ്ട സ്ഥലത്തിന്റെ സ്‌കെച്ച് തയ്യാറാക്കി ജില്ലാ കളക്ടർക്ക് സമർപ്പിച്ചിരുന്നു. ആദ്യഘട്ടത്തിൽ അത്താണി പാറമടയ്ക്ക് സമീപം ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി സ്ഥലം കണ്ടെത്തിയിരുന്നെങ്കിലും താമസയോഗ്യമല്ലാത്തതിനാൽ പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു.തൃക്കാക്കര നഗരസഭ കൗൺസിലർ എം.ജെ ഡിക്സന്റെ നേതൃത്വത്തിൽ റവന്യൂമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുനരധിവാസം വേഗത്തിലായത്. കഴിഞ്ഞ ദിവസം മഴ ശക്തമായതോടെ പ്രദേശത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് 13 കുടുംബങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകാൻ ഇവർ തയ്യാറായിരുന്നില്ല.
ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോളനി പ്രദേശം അതീവ അപകട സാദ്ധ്യത കണക്കിലെടുത്ത് കുടുംബങ്ങളെ കാക്കനാട് മാർ അത്തനേഷ്യസ് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാൻ നോട്ടിസ് നൽകി. ഡെപ്യൂട്ടി കളക്ടർ സുനിൽലാൽ, തഹസിൽദാർ രഞ്ജിത്ത് ജോർജ്,കാക്കനാട് വില്ലേജ് ഓഫീസർ സുനിൽ,തൃക്കാക്കര സി.ഐ ഷാബുഎന്നിവരുടെ നേതൃത്വത്തിൽ കുടുംബങ്ങളുമായി നടത്തിയ ചർച്ചക്കൊടുവിൽ ജില്ലാ കളക്ടർ ഓലിമുകൾ പള്ളിക്ക് സമീപം സ്ഥലം അനുവദിക്കാൻ തീരുമാനിച്ചതായി രേഖാമൂലം ഉറപ്പ് ലഭിച്ചതോടെയാണ് കുടുംബങ്ങൾ ക്യാമ്പിലേക്ക് മാറാൻ തയ്യാറായത്. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.