പറവൂർ: ഡാം തുറന്നതോടെ വെള്ളപ്പൊക്ക ഭീഷണിയെ നേരിടാൻ പറവൂരിൽ ദുരന്തനിവാരണത്തിനുള്ള ഒരുക്കങ്ങൾ സജ്ജമായി. പുത്തൻവേലിക്കര പഞ്ചായത്തിലാണ് കൂടുതൽ കരുതൽ. ഇവിടെ ഇരുപത് അംഗങ്ങളടങ്ങിയ എൻ.ഡി.ആർ.എഫ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. പറവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മുപ്പതംഗ മത്സ്യത്തൊഴിലാളികളുണ്ട്. ഒമ്പത് യന്ത്രം ഘടിപ്പിച്ച വള്ളങ്ങളും തയ്യാറാക്കിയിട്ടുണ്ട്. താലൂക്കിൽ ഏതു പ്രദേശത്തും ഇവരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് ഒരുക്കിയിട്ടുള്ളത്. സബ് കളക്ടർ വിഷ്ണുരാജ്, ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടർ കെ.ടി. സന്ധ്യാദേവി, പൊലീസ്, താലൂക്ക് അധികൃതർ എന്നിവർക്കൊപ്പം എൻ.ഡി.ആർ.എഫ് സംഘം വിവിധ മേഖലകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വായുനിറച്ച് ഉപയോഗിക്കാവുന്ന ബോട്ടുകൾ, മരം മുറിച്ചുനീക്കാനുള്ള ഉപകരണങ്ങൾ, മറ്റു രക്ഷാപ്രവർത്തന സാമഗ്രികൾ എന്നിവയുമായാണ് എൻ.ഡി.ആർ.എഫ് വന്നിരിക്കുന്നത്.
ഓരോ വില്ലേജിലും ക്യാമ്പുകൾ
ഇന്നും നാളെയും മഴകനത്താലുണ്ടാകുന്ന സാദ്ധ്യത കണക്കിലെടുത്ത് ജനങ്ങളെ മാറ്റിപാർപ്പിക്കാൻ ക്യാമ്പുകൾ സജ്ജീകരിച്ചു. താലൂക്കിലെ പതിമൂന്ന് വില്ലേജുകളിലും മൂന്നുമുതൽ അഞ്ചുവരെ ക്യാമ്പുകൾ തുടങ്ങാനുള്ള സൗകര്യങ്ങൾ ആദ്യഘട്ടത്തിൽ നടത്തിയിട്ടുണ്ട്. കടുങ്ങല്ലൂർ വില്ലേജിലെ കുറ്റിക്കാട്ടുകരയിൽ ഒരു ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു.
തെനപ്പുറത്ത് വെള്ളംകയറി
പുത്തൻവേലിക്കര പഞ്ചായത്തിലെ തെനപ്പുറം പ്രദേശത്ത് മാത്രമാണ് താലൂക്കിൽ വെള്ളം കയറിയിട്ടുള്ളത്. പലരും ബന്ധുക്കളുടെ വീടുകളിലേക്കു മാറിയിട്ടുണ്ട്. വെള്ളംകയറാൻ സാദ്ധ്യതയുള്ള പ്രദേശത്തുള്ളവർ മുൻകരുതൽ നേരത്തെ തുടങ്ങിയിരുന്നു.