നെടുമ്പാശേരി: സി.പി.എം നെടുമ്പാശേരി ഏരിയാ സമ്മേളനത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ നെടുമ്പാശേരി ലോക്കൽ സമ്മേളനം പൂർത്തീകരിക്കുന്നതിൽ തീരുമാനമായില്ല. 22,23,25 തീയതികളിലാണ് ഏരിയ സമ്മേളനം. നെടുമ്പാശേരി ഒഴികെയുള്ള എല്ലാ ലോക്കൽ സമ്മേളനങ്ങൾ ഇതിനകം പൂർത്തിയായി. രണ്ട് വട്ടം നെടുമ്പാശേരി ലോക്കൽ സമ്മേളനം വിളിച്ചെങ്കിലും വിഭാഗീയതയെ തുടർന്നാണ് മുടങ്ങിയത്. കഴിഞ്ഞ പത്തിന് ചേർന്ന നെടുമ്പാശേരി ലോക്കൽ സമ്മേളനം പുതിയ കമ്മിറ്റിയുടെ പാനൽ പോലും അവതരിപ്പിക്കാനാകാതെ പിരിച്ചുവിടുകയായിരുന്നു. സമ്മേളനത്തിനിടയിൽ ചേർന്ന നിലവിലുള്ള ലോക്കൽ കമ്മിറ്റിക്ക് പുതിയ എൽ.സിയുടെ പാനൽ തയ്യാറാക്കാനായില്ല. ജില്ലാ കമ്മിറ്റിയിൽ നിന്ന് പങ്കെടുത്ത കെ.കെ. ഷിബു ഇടപെട്ടിട്ടും പരിഹാരമുണ്ടായില്ല. തുടർന്ന് സമവായത്തിലൂടെ പാനൽ തയ്യാറാക്കിയ ശേഷം വീണ്ടും സമ്മേളനം ചേരാമെന്ന് പറഞ്ഞ് പിരിയുകയായിരുന്നു.
15ന് വീണ്ടും സമ്മേളനം ചേർന്നെങ്കിലും ഔദ്യോഗിക പാനലിനെതിരെ നാല് പേർ മത്സരത്തിനൊരുങ്ങിയതോടെ വീണ്ടും മുടങ്ങി. 15 അംഗ കമ്മിറ്റി 13 ആക്കി ചരുക്കിയാണ് പാനൽ തയ്യാറാക്കിയത്. രണ്ട് പേരെ കുറച്ചതിന് പുറമെ മറ്റ് രണ്ട് പേരെകൂടി ഒഴിവാക്കി. ഇവർക്ക് പകരക്കാരായി സുനീഷ്, സുരേഷ് എന്നിവരെയും ഉൾപ്പെടുത്തിയായിരുന്നു പാനൽ. ഒഴിവാക്കപ്പെട്ടവരിൽ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം എ.ആർ. ഷിജുവും ഉൾപ്പെടും. ജില്ലാ സെക്രട്ടറിയേറ്റംഗം പി.എം. ഇസ്മയിലിന്റെ കൂടി സാന്നിദ്ധ്യത്തിലാണ് രണ്ടാമത് സമ്മേളനം ചേർന്നതെങ്കിലും ഫലമുണ്ടായില്ല. നാളെ സമ്മേളനം പൂർത്തീകരിക്കാൻ ഡി.സി തലത്തിൽ നീക്കമുണ്ട്.
പഞ്ചായത്തിലെ സാമൂഹ്യ അടുക്കള നടത്തിപ്പ് അഴിമതി വിവാദം മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തരുതെന്നായിരുന്നു ഒരു വിഭാഗം പ്രതിനിധികളുടെ ആവശ്യം. ഇതിന്റെ തുടർച്ചയായിട്ടാണ് എൽദോ ഡേവിഡ്, പി.എ. ബിജു, കെ.ഐ. ബാബു, പി.ആർ. ദീപു എന്നിവർ മത്സരിച്ചത്. ദീപു കൂടി പങ്കെടുത്ത നിലവിലുള്ള എൽ.സിയെടുത്ത തീരുമാനത്തിന് വിരുദ്ധമായി മത്സരിക്കരുതെന്ന് ഡി.സി നിലപാട് സ്വീകരിച്ചതോടെ ഇയാൾ പിൻവാങ്ങി. എന്നാൽ മറ്റുള്ളവർ മത്സരത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു.
ലോക്കൽ സമ്മേളനം പൂർത്തീകരിച്ചെങ്കിൽ മാത്രമെ എ.സി സമ്മേളനത്തിൽ പങ്കെടുക്കാനാകു. ഈ സമ്മേളനത്തോടെ നെടുമ്പാശേരി ഏരിയ കമ്മിറ്റി ഇല്ലാതാകും. 25ന് നെടുമ്പാശേരി, ചെങ്ങമനാട്, കുന്നുകര ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ളവർ ആലുവ എ.സി സമ്മേളനത്തിൽ കമ്മിറ്റി തിരഞ്ഞെടുപ്പുകളുടെ ഭാഗമാകണം. പാറക്കടവ് എൽ.സി അങ്കമാലി എ.സിയിലും പുത്തൻവേലിക്കര എൽ.സി പറവൂർ എ.സിയുടെയും ഭാഗമാകും.