കോലഞ്ചേരി: കാലം തെറ്റി പെയ്യുന്ന മഴ, പനിയെ സൂക്ഷിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ എലിപ്പനിക്കെതിരെയും ജല ജന്യരോഗങ്ങൾക്കെതിരെയും ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവിദഗ്ദരുടെ നിർദ്ദേശം. വ്യക്തി, പരിസരശുചിത്വവും കുറയുന്നത് അസുഖങ്ങൾ വരാനുള്ള മുഖ്യ കാരണങ്ങളിലൊന്ന്. കുട്ടികളും മുതിർന്നവരും ഒരുപോലെ ശ്രദ്ധിക്കണം. കൊതുകുകളെ അകറ്റിയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്താൽ മഴക്കാല രോഗങ്ങളിൽ നിന്നും രക്ഷനേടാം. ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻഗുനിയ, വൈറൽ പനി, കോളറ, മലമ്പനി, മന്ത്, വയറിളക്ക രോഗങ്ങൾ, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ പലതരം രോഗങ്ങൾ മഴക്കാലത്ത് പിടിപെടാം. പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ കണ്ടാൽ ഉടനടി ചികിത്സ തേടണം.
കൊവിഡ് പ്രതിരോധ ഭാഗമായി കൈകൾ വൃത്തിയായി കഴുകുന്നതോടെ ഭൂരിഭാഗം രോഗങ്ങളിൽ നിന്നു രക്ഷനേടാം. യാത്ര മദ്ധ്യേയും പല സാഹചര്യങ്ങളിലും അസുഖമുള്ളവർ സ്പർശിച്ചിടത്ത് സ്പർശിക്കുമ്പോഴാണ് രോഗാണുക്കൾ പലപ്പോഴും കൈകളിലേക്കെത്തുന്നത്. കൈകൾ സോപ്പിട്ട് കഴുകുക എന്നതാണ് ഈ അവസ്ഥയ്ക്കുള്ള പ്രതിവിധി. മൂക്ക്, വായ, എന്നിവയിലൂടെയാണ് ശ്വാസകോശ അണുബാധകൾ, എച്ച്1, എൻ1, വൈറൽ ഫീവർ രോഗങ്ങൾ പകരുന്നത്. വൃത്തിഹീനമായ കൈകളുപയോഗിച്ച് മറ്റു ഭാഗങ്ങളിൽ സ്പർശിക്കാതിരിക്കുക. ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോൾ നിർബന്ധമായും വൃത്തിയുള്ള തൂവാല ഉപയോഗിച്ച് വായും മുഖവും മൂടണം. ഭക്ഷണം കരുതലോടെ വേണം.വൃത്തിഹീനമായ വെള്ളവും ഭക്ഷണവും ഒഴിവാക്കണം. ഭക്ഷണങ്ങൾ ഒരിക്കലും തുറന്നു വയ്ക്കരുത്. ഈച്ചയുടെ സാന്നിധ്യം പെരുകാനുള്ള മലിനമായ സാഹചര്യങ്ങളും ഒഴിവാക്കണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. തെരുവോരങ്ങളിൽ നിന്നും ഭക്ഷണം കഴിക്കുന്നത് സൂക്ഷിക്കണം. ധാരാളം വെള്ളം കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് നല്ലത്. മഴക്കാല രോഗങ്ങളെല്ലാം തന്നെ പൂർണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.സ്വയം ചികിത്സപാടില്ലെന്നും നിർദ്ദേശിക്കുന്നുണ്ട്.
ദിശ ഹെൽപ് ലൈൻ
രോഗങ്ങളെപ്പറ്റിയും പ്രതിരോധ മാർഗങ്ങളെപ്പറ്റിയും വിദഗ്‌ദോപദേശം ലഭിക്കാൻ 24 മണിക്കൂറും പവർത്തിക്കുന്ന ദിശയുടെ ഹെൽപ് ലൈനായ 1056 (ടോൾഫ്രീ) നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വീടും പരിസരവും വൃത്തിയാക്കുക
കെട്ടിക്കിടക്കുന്ന ജലം വ്യാപകമാകുന്നതോടെ കൊതുകുകൾ പെരുകുന്നു. ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ തുടങ്ങിയ മാരക രോഗങ്ങളിൽ നിന്നും രക്ഷനേടാൻ കൊതുകുകടിയേൽക്കാതെ നോക്കണം. വീടും പരിസരവും വൃത്തിയാക്കുകയാണ് കൊതുകിനെ അകറ്റാൻ പ്രധാന മാർഗം. വീടിന്റെ മുക്കും മൂലയും വൃത്തിയാക്കണം. വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കണം. മഴക്കാലത്ത് മലിനജലത്തിലൂടെ പലപ്പോഴും സഞ്ചരിക്കേണ്ടി വരും. ഇത് എലിപ്പനി പകരുന്നതിന് കാരണമാകും. ഡയറിയ, കോളറ, തുടങ്ങിയവയും മലിന ജലത്തിലൂടെയാണ് പകരുന്നത്. അതിനാൽ മലിനജലവുമായി സമ്പർക്കം പുലർത്തേണ്ടി വന്നാൽ അതിനുശേഷം ഉടൻ തന്നെ പാദങ്ങളും കൈകളും ചെരുപ്പുകളും വൃത്തിയാക്കണം. മുറിവുള്ളവർ മലിന ജലവുമായി സമ്പർക്കത്തിലേർപ്പെടരുത്.