p

കൊച്ചി: പരമ്പരാഗത മത്സ്യബന്ധന യാനങ്ങളിൽ 75 ശതമാനം സബ്സിഡിയോടെ വയർലെസ് സ്ഥാപിക്കാനുള്ള സർക്കാർ പദ്ധതി എങ്ങും എത്തിയില്ല. ടെൻഡറടക്കം പൂർത്തിയായെങ്കിലും കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്റെ ലൈസൻസ് ലഭിക്കാത്തതാണ് തിരിച്ചടിയായത്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് പദ്ധതി പ്രഖ്യാപിച്ചത്. 25,000 രൂപയുടെ വി.എച്ച്.എഫ് വയർലെസ് എല്ലാ പരമ്പരാഗത യാനങ്ങൾക്കും നൽകുകയായിരുന്നു ലക്ഷ്യം. കടൽക്ഷോഭങ്ങളിലും കാലാവസ്ഥാവ്യതിയാനത്തിലും അപകടങ്ങൾ വർദ്ധിച്ചതോടെയാണ് പദ്ധതി ആവിഷ്‌കരിച്ചത്. പ്രാരംഭ പ്രവർത്തനങ്ങൾ വേഗം പൂർത്തിയാക്കി. ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങൾക്കുള്ള ലൈസൻസിനായി സ‌ർക്കാ‌ർ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ചെന്നൈ ഓഫീസിൽ ബന്ധപ്പെട്ടപ്പോഴാണ് സുരക്ഷാഭീഷണിയും നിയമതടസങ്ങളും ചൂണ്ടിക്കാട്ടി എതിർത്തത്.

 വയ‌‌‌‌ർലെസ് പദ്ധതി

•ആദ്യഘട്ടത്തിൽ 1000 യാനങ്ങൾക്ക് വയ‌‌ർലെസ്

•തുടർന്ന് ജില്ലാടിസ്ഥാനത്തിൽ മറ്റുള്ളവയ്ക്കും

•ആകെ യാനങ്ങൾ 27,000. ബോട്ടുകളടക്കം 37,000

 ഒരുവ‌ർഷം മരണം 16

കഴിഞ്ഞ വ‌ർഷം കടൽക്ഷോഭത്തിൽ 16 മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. തിരയടിച്ച് ബോട്ട് മറിഞ്ഞായിരുന്നു അപകടങ്ങളിലേറെയും. കരയിലേക്ക് ആശയവിനിമയം നടത്താൻ സംവിധാനമില്ലാത്തത് രക്ഷാപ്രവ‌ർ‌ത്തനത്തെ ബാധിച്ചു. വി.എച്ച്.എഫ് വയ‌‌ർലെസ് വൺവേ ഉപകരണമായതിനാൽ കരയിൽ നിന്ന് ആശയവിനിമയം നടത്താനുള്ള അത്യാധുനിക ഉപകരണം നൽകണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. വാക്കി ടോക്കിയാണ് ചില ഇൻബോ‌ർഡ് വള്ളങ്ങളിൽ ഉപയോഗിക്കുന്നത്. നിശ്ചിത ദൂരം പിന്നിട്ടാൽ കണക്‌ഷൻ ലഭിക്കില്ല. പകുതിയോളം മത്സ്യബന്ധന ബോട്ടുകളിൽ വയർലെസുണ്ട്. ഇവ സ്വന്തം ചെലവിലാണ് സ്ഥാപിച്ചത്. ഇതും കരയിലേക്ക് വിവരം അറിയിക്കാൻ മാത്രമേ ഉപകരിക്കൂ.

കേന്ദ്ര സ‌ർക്കാരിനെ സമീപിക്കും

വയ‌ർലെസ് ലൈസൻസിനായി കേന്ദ്രസ‌ർക്കാരിനെ സമീപിക്കാൻ ആലോചിക്കുന്നു. അനുമതി ലഭിച്ചാൽ പദ്ധതി വേഗത്തിൽ പൂ‌ർത്തിയാക്കും.

--ഫിഷറീസ് അധികൃത‌ർ

കടലിൽ നിന്ന് കരയിലേക്കും തിരിച്ചും ആശയവിനിമയം നടത്താനുള്ള ആധുനിക വയ‌‌ർലെസ് സ‌ർക്കാ‌ർ നൽകണം.

ച‌ാൾസ് ജോ‌‌ർജ്

സംസ്ഥാന പ്രസിഡന്റ്

മത്സ്യത്തൊഴിലാളി ഐക്യവേദി