achu

കൊച്ചി: ഇരുപത്തിരണ്ട് മാസം മുമ്പ് പഞ്ചസാര വാങ്ങാൻ ഇരുപതു രൂപയും കൊടുത്ത് അമ്മ കടയിലേക്ക് വിട്ട മകൻ ഇതുവരെ തിരിച്ച് വീട്ടിൽ കയറിയിട്ടില്ല.

അന്ന് ആക്രിക്കടയിൽ നിന്ന് വാങ്ങിയ സൈക്കിൾ ചവിട്ടിത്തുടങ്ങിയ യാത്ര തുടരുകയാണ്. എല്ലാ സംസ്ഥാനങ്ങളിലൂടെയും ആ സൈക്കിൾ ഉരുണ്ടു. സഞ്ചാര പ്രിയർ പുതിയ പേരും സമ്മാനിച്ചു-`അച്ചു ട്രിപ്പൻ'

ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്ന ചോറ്റാനിക്കര പുളിക്കപ്പറമ്പിലെ പങ്കജാക്ഷിയുടെ മകൻ അനിൽ കുമാർ ഇപ്പോൾ പാക് അതിർത്തിയിലേക്ക് സൈക്കിൾ ചവിട്ടിക്കൊണ്ടിരിക്കുകയാണ്. സ്വന്തം സമ്പാദ്യമായ ആയിരം രൂപ കൊടുത്തു ആക്രി കടയിൽ നിന്ന് വാങ്ങിയ സൈക്കിളിലാണ് യാത്ര. അന്ന് സൈക്കിളുമായി ട്രെയിനിൽ ആദ്യം ഡൽഹിയിലെത്തി. തുടർന്നുള്ള യാത്രകൾ സൈക്കിളിൽ.
ഹിമാലയം, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിങ്ങനെ യാത്ര നീണ്ടു. വയനാട്ടിലും മൂന്നാറിലുമെത്തി. പുതിയ പേര് കിട്ടിയതും യാത്ര വൈറലായതും മൂന്നാറിലെ ആനച്ചാൽ വച്ചാണ്. എറണാകുളം സ്വദേശി സേതുമാധവൻ തമ്പി തന്റെ ഇൻസ്റ്റ ഗ്രാം അക്കൗണ്ടിൽ വീഡിയോ പങ്കുവയ്ക്കുകയായിരുന്നു. അദ്ദേഹവും സുഹൃത്തുക്കളും ടെന്റും സമ്മാനിച്ചു.

യാത്രയും ചെലവും

എവിടെ ചെന്നാലും മലയാളികളെ കണ്ടെത്താൻ ശ്രമിക്കും. ഹോട്ടലിലോ മറ്റോ ജോലിക്ക് കയറിപ്പറ്റും. ജോലിയെടുത്ത പണവുമായി യാത്ര തുടരും.

കടത്തിണ്ണകളിലായിരുന്നു ഉറക്കം.രാത്രിയിൽ യാത്ര ചെയ്തതിന് ഗുജറാത്തിൽ ചിലർ തല്ലാൻ പിടിച്ചിട്ടുണ്ട്. ആൾപ്പാർപ്പില്ലാത്ത പ്രദേശത്ത് കാട്ടുപഴങ്ങളാണ് ആശ്രയം. വാൽപ്പാറയിൽ കരടിയുടെ മുന്നിൽനിന്ന് ഓടി മാറേണ്ടിവന്നു.ലോക്ക് ഡൗൺ സമയത്ത് ഡൽഹിയിലെ ലോഡ്ജിൽ ജോലി ചെയ്യുകയായിരുന്നു.

അഞ്ചാംനാൾ വന്ന

ഫോൺ കോൾ

``അമ്മ ദേഷ്യപ്പെടേണ്ട എനിക്കൊരു ലക്ഷ്യമുണ്ട് . അതുകഴിഞ്ഞേ തിരിച്ചു വരു. ചേച്ചി അടുത്തുള്ളതുകൊണ്ട് അമ്മ ഒറ്റക്കാവില്ല. രാജ്യം മുഴുവൻ ചുറ്റിക്കാണണം. ലോകം മുഴുവനും ചുറ്റിക്കറങ്ങണം എന്നാണ് ആഗ്രഹം. ഇടയ്ക്ക് കേരളത്തിൽ എത്തും. അപ്പോൾ വീട്ടിലേക്ക് വരാൻ നിർബന്ധിക്കരുത്. വന്നാൽ യാത്ര നടക്കില്ല. എന്നും അമ്മ ഉറങ്ങുന്നതിനു മുമ്പ് ഞാൻ ഫോണിൽ വിളിച്ചിരിക്കും. ഞാൻ സുരക്ഷിതനാണ്. ചെറിയ ജോലികൾ ചെയ്ത് പണം കണ്ടെത്തും.''

-അച്ചു ട്രിപ്പൻ

``അവന് യാത്രച്ചെലവ് നൽകാൻ സാമ്പത്തി​ക ശേഷി​യി​ല്ല. ആഗ്രഹം ഇങ്ങനെ തീർക്കട്ടെ. മൂത്തമകൾ അനുപ്രിയ ഇടയ്ക്ക് വരും.അച്ചുവിനെ ഗർഭം ധരിച്ചിരിക്കേയാണ് ഭർത്താവ് ഉപേക്ഷിച്ചത്. പ്ളസ് ടു വരെ പഠിപ്പിച്ചു''

-പങ്കജാക്ഷി

അമ്മ