കൊച്ചി: പിന്നാക്ക സമുദായങ്ങളുടെ വിദ്യാഭ്യാസരംഗത്തെ ഉയിർ‌ത്തെഴുന്നേൽപ്പിന് സ‌ർക്കാരും വിദ്യാഭ്യാസ മന്ത്രാലയവും തുരങ്കം വയ്ക്കുന്നതിന് തെളിവാണ് പ്ലസ് വൺ പ്രവേശനത്തിൽ എയ്ഡഡ് സ്കൂളുകളിലെ സംവരണ അട്ടിമറിയെന്ന് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് പറഞ്ഞു.

എയ്ഡഡ് മേഖലയിലെ സംവരണ അനീതി പരിഹരിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടുക, പിന്നാക്കസംവരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ഡി.ജെ.എസ് എറണാകുളം, തൃക്കാക്കര മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവരണ അട്ടിമറി കേരളകൗമുദി റിപ്പോർട്ട് ചെയ്തതിനെ തുടർന്നായിരുന്നു പ്രതിഷേധം.

മികച്ച വിജയം നേടി വിജയിച്ചുവരുന്ന വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്ക് അനുസൃതമായ പഠനസൗകര്യം ഒരുക്കേണ്ടത് സർക്കാരിന്റെ കടമയാണ്. സാമൂഹ്യനീതി നിഷേധമാണ് വിദ്യാഭ്യാസ രംഗത്തു നടക്കുന്നത്. പ്രീഡിഗ്രി അവസാനിപ്പിച്ചപ്പോൾ ശ്രീനാരായണ കോളേജുകൾക്ക് നഷ്ടമായത് 11,500 സീറ്റുകളാണ്. ഇതിന് പകരം ലഭിച്ചതാകട്ടെ 1,500 പ്ലസ് വൺ സീറ്റുകളും. മാറിമാറി വരുന്ന സർക്കാരുകൾ പിന്നാക്കജനതയെ ദ്രോഹിക്കുന്നത് തുടരുകയാണ്. എയ്ഡഡ് സ്കൂളുകളിൽ ഭരണ ഘടന അനുശാസിക്കുന്ന സംവരണം ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ജയപ്രകാശ് പറഞ്ഞു.

എസ്.ആർ.വി സ്കൂളിലെ ഡി.ഇ.ഒ ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് വിഷയം വിശദീകരിച്ചു. എറണാകുളം മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. തൃക്കാക്കര മണ്ഡലം പ്രസിഡന്റ് വി.ടി. ഹരിദാസ്, മഹിളാസേന മണ്ഡലം പ്രസിഡന്റ് ബീന നന്ദകുമാർ, മണ്ഡലം ഭാരവാഹികളായ അർജുൻ ഗോപിനാഥ്, കെ.ഡി ഗോപാലകൃഷ്ണൻ, എം.കെ. ബിജു, ബി. അശോകൻ, എം.എസ്. മനോജ്, ഐ. ശശിധരൻ, സുരേഷ് ലാൽ തുടങ്ങിയവർ സംസാരിച്ചു.