mcroad
എം സി.റോഡിൽ ബി സി ഓവർലെ തകർന്ന നിലയിൽ..............

മൂവാറ്റുപുഴ: കാലംതെറ്റിയെത്തിയ കാലവർഷത്തെ തുടർന്ന് മൂവാറ്റുപുഴയിലെ തകർന്ന റോഡുകളെല്ലാം നവീകരിക്കണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം ആവശ്യപ്പെട്ടു. മൂവാറ്റുപുഴയിൽ ഗതാഗത യോഗ്യമല്ലാതായ പൊതുമരാമത്ത് റോഡുകളുടേയും ഗ്രാമീണ റോഡുകളുടെയും അറ്റകുറ്റപ്പണികൾ നടത്തുന്നതിന് അടിയന്തര സഹായം ലഭ്യമാക്കണമെന്നും റീബിൽഡ് കേരള, 2020-2021 ബജറ്റ്, പൊതുമരാമത്ത് വകുപ്പ് അനുവദിച്ച റോഡുകളുടെ ഫണ്ട്, കേന്ദ്ര റോഡ് ഫണ്ട് ഉൾപ്പെടെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഭരണാനുമതി ലഭിച്ച പ്രവൃത്തികൾ വേഗതയിൽ നടപ്പാക്കി ഗതാഗതയോഗ്യമാക്കുവാൻ നടപടിസ്വീകരിക്കണം. റീ ബിൽഡ് കേരള പദ്ധതിയിൽ ഫണ്ട് അനുവദിച്ച കടാതി- കടക്കനാട് റോഡ് 2.25 കോടി, കീച്ചേരിപ്പടി -ആട്ടായം - കുറ്റിക്കാട്ടുചാലിൽപ്പടി റോഡ് 3.50 കോടി, ഇഇസി മാർക്കറ്റ് റോഡ് 1.25 കോടി, സംസ്ഥാന ബജറ്റിൽ ഫണ്ട് അനുവദിച്ച വടക്കൻ പാലക്കുഴ- മൂങ്ങാംകുന്ന് റോഡ് 2.50 കോടി, മുള്ളരിങ്ങാട് - ചാത്തമറ്റം റോഡ് 800 ലക്ഷം, പൊതുമരാമത്ത് വകുപ്പിൽ നിന്നും ഫണ്ട് അനുവദിച്ച വാളകം -മണ്ണൂർ റോഡ് 250 ലക്ഷം, ആരക്കുഴ- തോട്ടക്കര റോഡ് 225 ലക്ഷം, കല്ലൂർക്കാട് ടൗൺ റോഡ്- 1 കോടി, കല്ലൂർക്കാട് -കുമാരമംഗലം റോഡ് 2 കോടി, വാച്ച് സ്റ്റേഷൻ- ഏനനെല്ലൂർ റോഡ് 3 കോടി, ആരക്കുഴ ഗവ.ഐ.ടി.ഐ റോഡ് 4 കോടി, മൂവാറ്റുപുഴ - പിറവം റോഡ് നവീകരണം 2 കോടി, കേന്ദ്ര റോഡ് ഫണ്ട് അനുവദിച്ച മൂവാറ്റുപുഴ - കൂത്താട്ടുകുളം ലിങ്ക് റോഡ് 16 കോടി എന്നീ വർക്കുകളുടെ നടപടികൾ വേഗതയിലാക്കേണ്ടതാണ്. ഇതിനിടെ നിയോജക മണ്ഡലത്തിലെ പ്രധാന പാതകളിലെ റോഡുകൾ മഴയെ തുടർന്ന് തകർന്നു. മൂവാറ്റുപുഴ - തൃക്കളത്തൂർ എം.സി റോഡിന്റെ ബി.സി. ഓവർലേ പലയിടങ്ങളിലും പോയി റോഡിൽ ഗർത്തം രൂപപ്പെട്ടു.നാഷണൽ ഹൈവേ കക്കടാശ്ശേരി മുതൽ മൂവാറ്റുപുഴ നഗരം വരെ തകർന്നു. വാഴക്കുളം - കല്ലൂർക്കാട് റോഡും, പൈങ്ങോട്ടുർ- കലൂർ റോഡും, വാഴക്കുളം - കാവന റോഡുകളും സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. നിയോജക മണ്ഡലത്തിലെ ചെറുതും വലുതുമായ റോഡുകൾ ഏറെയും കാലവർഷത്തെ തുടർന്ന് തകർന്നിരിക്കുകയാണ്. ഈ റോഡുകളിലെ യാത്ര ക്ലേശം പരിഹരിക്കാൻ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ ആകെ ദൈർഘ്യത്തിന് ആനുപാതികമായി അറ്റകുറ്റപ്പണികൾക്ക് അടിയന്തിരമായി പണം അനുവദിക്കണമെന്നും എൽദോ എബ്രഹാം ആവശ്യപ്പെട്ടു.