നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വർഷങ്ങളായി ജോലിചെയ്യുന്ന കരാർ തൊഴിലാളികളുടെ വെട്ടിക്കുറച്ച ദിനങ്ങൾ അടിയന്തരമായി പുന:സ്ഥാപിക്കണമെന്ന് കേരളാ സിവിൽ ഏവിയേഷൻ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ആവശ്യപ്പെട്ടു. കൊവിഡ് കാലയളവിൽ 2020 മാർച്ച് മുതലാണ് തൊഴിൽദിനങ്ങളിൽ കുറവുണ്ടായത്. വിമാന സർവീസുകൾ വർദ്ധിച്ചതിനാൽ പഴയ തൊഴിൽദിനങ്ങൾ പുന:സ്ഥാപിക്കണം. രണ്ട് വർഷമായി 80 ശതമാനം കരാർ തൊഴിലാളികൾക്കും 3,000 രൂപ മുതൽ 6,000 രൂപവരെയാണ് ലഭിച്ചത്. സർക്കാർ പ്രഖ്യാപിച്ച കൊറോണ സാമ്പത്തികസഹായം മുഖ്യമന്ത്രി ചെയർമാനായ സിയാൽ മാനേജ്‌മെന്റ് നിഷേധിച്ചതായി യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് വി.പി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ജീമോൻ കയ്യാല, ഷിജോ തച്ചപ്പിള്ളി, ആന്റണി ജോർജ്, സീനാ ശശി, ഇന്ദിരാ ഷാജി, ഷീജാ, സുവർണാ ഗോപി എന്നിവർ പ്രസംഗിച്ചു.