തൃശൂർ: പ്രമുഖ വ്യവസായിയും ജീവകാരുണ്യ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന അഡ്വ. സി.കെ. മേനോന്റെ സ്മരണാർത്ഥം തൃശൂർ ജില്ലാ സൗഹൃദവേദി ഒരുക്കുന്ന ഭവന പദ്ധതിക്ക് കൈപ്പമംഗലത്ത് തുടക്കമായി.
സൗഹൃദ വേദി അംഗം കൂടിയായ കൈപ്പമംഗലം പഞ്ചായത്തിൽ കൈമാപറമ്പിൽ ബാബുവിന്റെ വീടിന്റെ തറക്കല്ലിടൽ കർമ്മം പ്രമുഖ വ്യവസായിയും നോർക്ക റൂട്‌സ് ഡയറക്ടറും സി.കെ. മേനോന്റെ മകനുമായ ജെ.കെ. മേനോൻ നിർവഹിച്ചു.
ഖത്തറിലെ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ സൗഹൃദവേദിയുടെ മുഖ്യ രക്ഷാധികാരിയായിരുന്നു സി.കെ. മേനോൻ.
വർഷങ്ങളോളം വിദേശത്ത് ജോലിചെയ്തിട്ടും സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയാത്ത സാധാരണക്കാരായ പ്രവാസികൾക്കാണ് ജില്ലാ സൗഹൃദവേദി- സി.കെ. മേനോൻ ഭവന പദ്ധതിയിലൂടെ വീടുകൾ നിർമ്മിച്ചു നൽകുന്നത്. പദ്ധതി കോ-ഓർഡിനേറ്റർ സി.ടി. ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു. കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, ഗ്രാമപഞ്ചായത്ത് അംഗം മിനി അരയങ്ങാട്ടിൽ, ജില്ലാ എൻ.ആർ.ഐ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് രണദേവ്, വേദി മുൻ പ്രസിഡന്റ് പവിത്രൻ എന്നിവർ സംസാരിച്ചു. വേദി കുടുംബ സുരക്ഷാ പദ്ധതി ചെയർമാൻ എ.കെ നസീർ സ്വാഗതവും മുൻ അംഗം രവി മേനോൻ നന്ദിയും പറഞ്ഞു.