കിഴക്കമ്പലം: മണ്ണിടിച്ചിൽ സാദ്ധ്യതയുള്ളതിനാൽ നിരവധി പേരെ എം.എൽ.എയുടെ നേതൃത്വത്തിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ജിയോളജിക്കൽ സർവ്വേ ഒഫ് ഇന്ത്യയും ദുരന്തനിവാരണ വകുപ്പും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയ കുന്നത്തുനാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ ചാക്ക്യോത്തുമല കോളനി, മനക്കക്കടവ് പ്രദേശങ്ങളിൽ നിന്ന് 37 കുടുംബങ്ങളെയാണ് മോറക്കാല സെന്റ് മേരീസ് ഇംഗ്ളീഷ് മീഡിയം സ്കൂളിലേക്ക് മാറ്റിയത്. ഇതു സംബന്ധിച്ച് കളക്ടർ നൽകിയ ഉത്തരവിനെതുടർന്ന് അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതമോൾ, പൊലീസ്, പഞ്ചായത്ത്, റെവന്യൂ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തെ തുടർന്നാണ് ഇവരെ സുരക്ഷിതമായി സ്കൂളിലേക്ക് മാറ്റാൻ തീരുമാനിച്ചത്. മേഖലയിൽ അശാസ്ത്രീയമായി നടക്കുന്ന മണ്ണെടുപ്പാണ് മണ്ണിടിച്ചിൽ ഭീഷണിയിലേക്കെത്തിയതെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.