കൊച്ചി : ചെല്ലാനത്തിന്റെ സമഗ്രവും സന്തുലിതവുമായ വികസനത്തിന് വേണ്ടിയാണ് എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവച്ച് ട്വന്റി ട്വന്റിയും കോൺഗ്രസും കൈകോർക്കുന്നതെന്ന് ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പഞ്ചായത്ത് ഭരണസമിതിയിൽ എൽ.ഡി.എഫിന്റെ ഏകപക്ഷീയമായ നിലപാടുകൾക്കെതിരെ ജനങ്ങളോട് പ്രതിബദ്ധതയുള്ളവർ ഒന്നിച്ചുനിൽക്കേണ്ടത് നാടിന്റെ ആവശ്യമാണ്. അംഗസംഖ്യയിൽ ന്യൂനപക്ഷമായ എൽ.ഡി.എഫിന് ഭരണംകിട്ടിയത് കോൺഗ്രസും ചെല്ലാനം ട്വന്റി ട്വന്റിയും ഭരണസമിതി വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതുകൊണ്ടാണ്. ജനങ്ങളുടെ തീരാക്കണ്ണീരിനു അറുതിവരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ചെല്ലാനം ട്വന്റി ട്വന്റിയും കോൺഗ്രസും തിരഞ്ഞെടുപ്പിൽ നിലപാട് സ്വീകരിച്ചതും മത്സരിച്ചതും. പക്ഷേ ജനാധിപത്യ ചേരിയിൽ ഉണ്ടായ വോട്ടുകളുടെ ഭിന്നിപ്പുകൊണ്ടാണ് ട്വന്റി ട്വന്റിക്ക് 8 സീറ്റിലും കോൺഗ്രസിന് 4 സീറ്റിലും മാത്രമേ വിജയിക്കാനായുള്ളു. ഇന്ന് ചെല്ലാനത്തെ ജനങ്ങൾ ആവശ്യപ്പെടുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. സർക്കാർ കാലാകാലങ്ങളിൽ പ്രഖ്യാപിക്കുന്ന പദ്ധതികൾ കൃത്യമായി നടപ്പിലാക്കേണ്ടതിന്റെ ഉത്തരവാദിത്വം സർക്കാർ സംവിധാനങ്ങൾക്ക് തന്നെയാണ്. താഴേത്തട്ടിൽ നടപ്പാക്കേണ്ട പദ്ധതി ആസൂത്രണത്തിലും നടത്തിപ്പിനും നേതൃത്വം നൽകാൻ പഞ്ചായത്ത് ഭരണത്തിലൂടെ കോൺഗ്രസിന് സാധിക്കും. മറിച്ചുള്ള പ്രസ്താവനകളൊക്കെ പണവും ജോലിയും വാഗ്ദാനംചെയ്ത് ജനപ്രതിനിധികളെ വിലയ്ക്കെടുക്കാൻ സാധിക്കാത്തതിന്റെ പേരിലുള്ള സി.പി.എം വിലാപമാണ്.

തീരവാസികളുടെ ജീവിതപ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം കാണാതെ തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി മാത്രം പറഞ്ഞുപറ്റിക്കുന്ന എം.എൽ.എയും സംസ്ഥാനസർക്കാരും ജനങ്ങളോട് മാപ്പ് പറയണം. ഓഖി ദുരന്തശേഷം ദുരിതാശ്വാസപ്രവർത്തനത്തിനായി കാര്യമായൊന്നും ചെയ്യാതെ കടൽക്ഷോഭത്തിന്റെ ദുരിതങ്ങൾ പേറുന്ന ജനതയെ ഒന്നാകെ പറഞ്ഞുപറ്റിക്കുന്നതിനെതിരെ ജനങ്ങൾ ഒന്നായി നിന്നതുകൊണ്ടാണ് ചെല്ലാനത്തെ പഞ്ചായത്ത് ഭരണം എൽ.ഡി. എഫിന് നഷ്ടമായതെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.