കൊച്ചി: കടത്തിണ്ണയിലെ ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവിനെ നഗരമദ്ധ്യത്തിൽ കുത്തിവീഴ്‌ത്തി. ഓടിരക്ഷപ്പെട്ട പ്രതി കലൂർ അറവുശാലയിലെ ജോലിക്കാരനും ഒറ്റപ്പാലം സ്വദേശിയുമായ ആഷിക്കിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. അമ്പലമുകൾ അമൃത കോളനിയിൽ അഖിലിനാണ് (24) കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.

ഇന്നലെ രാവിലെ 6.30ന് കലൂർ കെ.കെ.റോഡിന് സമീപത്തായിരുന്നു സംഭവം. കൊച്ചി കോർപ്പറേഷന്റെ മാലിന്യം നീക്കുന്ന ദിവസവേതനക്കാരനായ പിതാവ് ഗണേശന് പകരം എത്തിയതായിരുന്നു അഖിൽ. വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിലെത്തിയ ആഷിക്ക് കടത്തിണ്ണയിലും മറ്റുമാണ് ഉറങ്ങിയിരുന്നത്. ഏതാനും ദിവസം മുമ്പ് പിതാവിനുപകരം മാലിന്യമെടുക്കാൻ വന്ന അഖിൽ കടത്തിണ്ണയിൽ ഉറങ്ങുകയായിരുന്ന ആഷിക്കിനെ എഴുന്നേൽപ്പിച്ചു വിട്ടിരുന്നു. ഇതിന് ശേഷം ഇന്നലെ ജോലിക്കായി എത്തിയപ്പോഴാണ് അഖിൽ ആക്രമിക്കപ്പെട്ടത്.

നെഞ്ചിൽ ആഴത്തിൽ മുറിവുണ്ട്. ചെവിക്ക് പിന്നിലും കൈക്കും കാലിലുമായി നാല് കുത്താണ് ഏറ്റത്. കരച്ചിൽകേട്ട് എത്തിയ വഴിയാത്രക്കാർ അറിയിച്ചതു പ്രകാരം പൊലീസെത്തി ആശുപത്രിയിൽ എത്തിച്ചു. പതിവായി ട്രെയിനുകളിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന സ്വഭാവക്കാരനാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാൾ കൊച്ചി വിട്ടുപോയിട്ടുണ്ടാകില്ലെന്നാണ് കരുതുന്നത്. മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് അന്വേഷണത്തിന് തടസമാണ്. പ്രതിക്ക് അമ്മ മാത്രമാണുള്ളതെന്നും ഒറ്റപ്പാലത്തേക്ക് കടക്കാനുള്ള സാദ്ധ്യതയടക്കം അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.