siva
വെള്ളം പൂർണമായി ഇറങ്ങിയ ആലുവ ശിവരാത്രി മണപ്പുറം ശിവക്ഷേത്രം

ആലുവ: ഇടുക്കി, ഇടമലയാർ ഡാമുകൾ തുറന്ന് രണ്ടാം നാൾ പിന്നിട്ടിട്ടും പ്രകോപിക്കാതെ പിടിച്ചുനിൽക്കുകയാണ് പെരിയാർ. ഇടയ്ക്കൊന്ന് ചെറുതായി ഉയർന്നും പിന്നീട് നിമിഷനേരംകൊണ്ട് താഴ്ന്നും ഒഴുകുകയാണ് പെരിയാർ. മഴ പൂർണമായി മാറി നിന്നതും ആശ്വാസമായി. ഇതോടെ ഭയപ്പാടിൽനിന്നും ജനം മോചിതരായി.

പെരിയാറിലെ ജലനിരപ്പ് ആലുവയിൽ പതിവിലും രണ്ടടിയോളം മാത്രമാണ് ഉയർന്നിട്ടുള്ളത്. കരകവിഞ്ഞ് ഒഴുകുന്നുമില്ല. കര തൊട്ടുതൊട്ടില്ലെന്ന ഭാവത്തിലാണ് വെള്ളം ഒഴുകുന്നത്. ഇന്നലെ പുലർച്ചെയുണ്ടായ ജലനിരപ്പ് വൈകിട്ട് ഉണ്ടായതുമില്ല. മണപ്പുറത്തെ ശിവക്ഷേത്രത്തിലും വെള്ളമില്ല. അകത്തുണ്ടായിരുന്ന വെള്ളം ഇറങ്ങിയതോടെ ചെളിയെല്ലാം വെയിലിൽ ഉണങ്ങിയ അവസ്ഥയിലായി. ഇന്നലെയും പെരിയാറിലെ ജലിനിരപ്പ് ഉയരുന്നത് കാണാൻ കുടുംബസമേതം ആളുകൾ മണപ്പുറത്തും നടപ്പാലത്തിലുമെല്ലാം എത്തിയിരുന്നു. മണപ്പുറത്തും പരിസരത്തുമെല്ലാം ആളുകൾ കൂട്ടംകൂടി നിൽക്കാതിരിക്കാൻ ആലുവ പൊലീസിന്റെ പട്രോളിംഗും ഉണ്ടായിരുന്നു.

നഗരത്തിൽ ഇന്നലെ ജനജീവിതം സാധാരണ നിലയിലായിരുന്നു. പെരിയാർതീരത്ത് ആദ്യം വെള്ളം കയറുന്ന പ്രദേശത്തെ വ്യാപാരസ്ഥാനങ്ങൾ ഉൾപ്പെടെ എല്ലാം സാധാരണപോലെ തുറന്ന് പ്രവർത്തിച്ചു. തീരത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറിയാലും നാശനഷ്ടം സംഭവിക്കാതിരിക്കാൻ വിലപിടിപ്പുള്ളവയെല്ലാം മുകളിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഇവയെല്ലാം വീണ്ടും താഴെയിറക്കി.

മണപ്പുറത്ത് ബലിതർപ്പണം പുനരാരംഭിച്ചു

മണപ്പുറത്ത് പ്രളയഭീതി ഒഴിവായതോടെ ബലിതർപ്പണം പുനരാരംഭിച്ചു. നിരവധി വിശ്വാസികളാണ് ഇന്നലെ തർപ്പണം നടത്താനെത്തിയത്. ആവശ്യത്തിന് പുരോഹിതന്മാരും ഉണ്ടായിരുന്നു. പ്രതീക്ഷിച്ചതിലും കൂടുതൽ ഭക്തർ തർപ്പണത്തിനെത്തിയതായി പുരോഹിതന്മാർ പറഞ്ഞു.