പള്ളുരുത്തി: ചെല്ലാനത്തിന്റെ വികസനം അട്ടിമറിക്കുന്നതിനുള്ള കോൺഗ്രസിന്റെ ഗൂഢാലോചനയാണ് കെ.ഡി. പ്രസാദിന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് ഭരണസമിതിയെ പുറത്താക്കാൻ ട്വന്റി - ട്വന്റിയുമായി കൂട്ടുചേർന്നതിലൂടെ പുറത്തുവന്നതെന്ന് സി.പി.എം പള്ളുരുത്തി ഏരിയാ കമ്മിറ്റി കുറ്റപ്പെടുത്തി. ചെല്ലാനത്ത് വൻ വികസന പദ്ധതികളാണ് എൽ.ഡി.എഫ് സർക്കാർ നടപ്പാക്കുന്നത്. കടലാക്രമണത്തെ ചെറുക്കുന്നതിന് 344 കോടിരൂപയുടെ പദ്ധതി ആരംഭിക്കുകയാണ്. ഊരാളുങ്കൽ സംഘവുമായി ഉടൻ കരാർ ഒപ്പുവെക്കും. ചെല്ലാനം മാതൃകാമത്സ്യഗ്രാമമായി പ്രഖ്യാപിച്ചിട്ടുണ്ട്. കുഫോസ് അതിന്റെ പദ്ധതികൾ ആരംഭിച്ചു. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കി വരികയാണ്. ചെല്ലാനം ഫിഷിംഗ് ഹാർബർ, കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ, പുത്തൻതോട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം, നവീകരിച്ച തീരദേശ റോഡ് തുടങ്ങിയവ കൊണ്ടുവന്നത് എൽ.ഡി.എഫ് സർക്കാരുകളാണ്.
ചെല്ലാനത്തിന്റെ വികസനത്തിന്റെ കാര്യത്തിൽ ഒന്നും ചെയ്യാത്ത കോൺഗ്രസിന് ഇതൊന്നും സഹിക്കുന്ന കാര്യമല്ല. വീണ്ടും രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതും കെ.ജെ. മാക്സി വീണ്ടും എം.എൽ.എ ആയതും അവർക്ക് താങ്ങാൻ കഴിയുന്നില്ല. എൽ.ഡി.എഫ് നയിച്ച ചെല്ലാനം പഞ്ചായത്ത് ഭരണസമിതിയും സർക്കാർ പദ്ധതികൾ സുതാര്യവും വിജയകരവുമായി നടപ്പാക്കാൻ നേതൃപരമായ പങ്കാണ് വഹിച്ചിരുന്നത്. ജനാധിപത്യവിരുദ്ധമായ ഈ സഖ്യത്തെ ചെറുത്തു തോൽപ്പിക്കണമെന്ന് സി.പി.എം ഏരിയ കമ്മിറ്റി അഭ്യർത്ഥിച്ചു.