praveen-
പ്രവീൺ

പറവൂർ: കൊടുങ്ങല്ലൂരിൽ നിന്ന് കോട്ടയത്തേക്ക് 6.66 കിലോ കഞ്ചാവ് കാറിൽ കൊണ്ടുപോകുന്നതിനിടെ എരുമേലി കരിനിലം കൊല്ലംപറമ്പിൽ പ്രവീണി (22)നെ എക്സൈസ് സംഘം പിടികൂടി. തൃശൂർ എക്സൈസ് ഇന്റലിജൻസ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ദേശീയപാതയിൽ മൂത്തകുന്നത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കേസിലെ മറ്റു പ്രതികൾക്കായി അന്വേഷണം നടന്നുവരികയാണ്.

അഞ്ച് മില്ലീ ലിറ്ററിന്റെ 5 കുപ്പി ഹാഷിഷ് ഓയിലുമായി പറവൂർ നീറിക്കോട് കളത്തിപ്പറമ്പിൽ ബാസ്റ്റിൻ (38), പഴമ്പിള്ളിവീട്ടിൽ നിഖിൽ (23) എന്നിവരെയും പരിശോധനയ്ക്കിടെ പിടികൂടി. ഒരു മില്ലി ലീറ്ററിന് ആയിരം രൂപ ഈടാക്കിയാണ് ഇവർ വില്പന നടത്തിയിരുന്നതെന്ന് എക്സൈസ് പറഞ്ഞു.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോൻ, തൃശൂർ എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ മനോജ്കുമാർ, പ്രിവന്റീവ് ഓഫിസർ പി.ആർ. സുനിൽകുമാർ, പറവൂർ എക്സൈസ് ഇൻസ്പെക്ടർ എം. മഹേഷ്‌കുമാർ, പ്രിവന്റീവ് ഓഫിസർ വി.എസ്. ഹനീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം.ടി. ശ്രീജിത്ത്, സി.ജി. ഷാബു എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. പ്രവീണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.