വൈപ്പിൻ: കൊവിഡ് വിഷാദത്തിന് അറുതിയും മണ്ഡലത്തിന്റെ വികസനസാദ്ധ്യതാ മേഖലകളുടെ ഉണർവും ലക്ഷ്യമിട്ട് ഡിസംബറിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ സംഘടിപ്പിക്കുന്ന പുനരുജ്ജീവനത്തിനായുള്ള വൈപ്പിൻ ഫോക്‌ലോർ ഫെസ്റ്റിന് സന്ദേശവാക്യമടങ്ങുന്ന ലോഗോയുടെയും പോസ്റ്ററിന്റെയും ഡിസൈൻ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ആലേഖനങ്ങൾക്ക് ഇരുവിഭാഗത്തിലോരോന്നിനും 5001രൂപ പുരസ്‌കാരം നൽകും. ടൂറിസം, സാംസ്‌കാരിക, സഹകരണ വകുപ്പുകളുടെയും ഫോക്‌ലോർ അക്കാഡമിയുടെയും പ്രാദേശിക സംഘടനകളുടെയും സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
പ്രാദേശിക കലാകാരന്മാർക്കും കലാസംഘങ്ങൾക്കും മേളയിൽ പങ്കെടുക്കാൻ അവസരമൊരുക്കും. ടൂറിസത്തിന് പുനർജീവൻ നൽകുക, ജീവിതം വഴിമുട്ടിയ ഫോക്‌ലോർ കലാകാരന്മാരെ സഹായിക്കുക, ഫോക്‌ലോർ കലകൾ ലോകത്തിനുമുന്നിൽ കൊണ്ടുവരിക എന്നിവയ്ക്ക് വൈപ്പിനെ വേദിയാക്കുക എന്നിവ ഫെസ്റ്റിന്റെ ലക്ഷ്യമാണ്. ലോഗോ, പോസ്റ്റർ സൃഷ്ടികൾ നേരിട്ടും തപാലിലും ഓൺലൈനിലും നൽകാം. എ3 സൈസ് ഷീറ്റിലാണ് സൃഷ്ടികൾ തയ്യാറാക്കേണ്ടത്. സൃഷ്ടികൾ അയയ്ക്കുന്നവർ മേൽവിലാസം, ഫോൺ നമ്പർ, പ്രായം എന്നിവ ലഭ്യമാക്കണം. അവസാനതീയതി 29 ആണ്.
അയയ്‌ക്കേണ്ട വിലാസം: സ്വാഗതസംഘം ഓഫീസ്, വൈപ്പിൻ ഫോക്‌ലോർ ഫെസ്റ്റ് 2021, c/o എം.എൽ.എ ഓഫീസ്, കമ്പനിപ്പീടിക, ഓച്ചന്തുരുത്ത്, വൈപ്പിൻ. ഇമെയിൽ: vypinfolklorefest@gamil.com ഫോൺ: 0484 2494020, 9847601777.