പള്ളുരുത്തി: ട്വന്റി ട്വന്റി കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ യു.ഡി.എഫ് പിന്തുണച്ചതോടെ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. 12 വോട്ടുകൾക്കാണ് അവിശ്വാസം പാസായത്. 21 അംഗ സമിതിയിൽ എൽ.ഡി എഫിന് ഒമ്പതുസീറ്റും ട്വന്റി ട്വന്റിക്ക് എട്ടും യു.ഡി.എഫിന് നാലുസീറ്റുമാണുള്ളത്. നേരത്തെ യു.ഡി.എഫ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിട്ടുനിന്നതോടെയാണ് എൽ.ഡി.എഫ് ഭരണത്തിലെത്തിയത്.

ഇന്നലെ രാവിലെ നടന്ന അവിശ്വാസ വോട്ടെടുപ്പിൽ യു.ഡി.എഫ് -ട്വന്റി ട്വന്റി കൂട്ടുകെട്ട് ഒന്നിച്ചതോടെ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. പുതിയ പ്രസിഡന്റ് , വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനം 8 സീറ്റുള്ള ട്വന്റി-ട്വന്റിക്ക് ലഭിക്കാനാണ് സാദ്ധ്യത. യു.ഡി.എഫിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിക്കും.

ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ നടന്ന ഇടപെടലുകളാണ് എൽ.ഡി.എഫിനെതിരെ ട്വന്റി-ട്വന്റിയെ അവിശ്വാസം കൊണ്ടുവരുവാൻ പ്രേരിപ്പിച്ചത്. പിണറായി സർക്കാരിന്റെ രണ്ടാംവരവിൽ പഞ്ചായത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ നടപ്പാക്കാത്തതാണ് അവിശ്വാസത്തിലേക്ക് നയിച്ചത്. വർഷങ്ങളായി പുലിമുട്ടും കടൽഭിത്തി നിർമ്മാണവും ചെല്ലാനം നിവാസികൾക്ക് ഇനിയും സ്വപ്നമാണ്. പദ്ധതികൾ പറഞ്ഞുപോകുന്നതല്ലാതെ യാതൊരു വികസനവും പഞ്ചായത്തിൽ നടന്നില്ലെന്നാണ് ആരോപണം.