കൊച്ചി: ലഹരി ഇടപാടിലെ സാമ്പത്തികത്തർക്കം പരിഹരിക്കാൻ വിളിച്ചുവരുത്തി തോക്കുകൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോതമംഗലം സ്വദേശി ജ്യുവലാണ് (20) പിടിയിലായത്. മൂവാറ്റുപുഴ സ്വദേശി ഷെൽട്ടണാണ് (27) പരിക്കേറ്റത്. ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് കാര്യമായ പരിക്കില്ല. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ പനമ്പിള്ളിനഗറിലെ പാർക്കിന് സമീപമായിരുന്നു തോക്കു ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവം.
ജ്യുവലും ഷെൽട്ടണും നേരിട്ട് പരിചയമില്ല. ഫോണിലൂടെയായിരുന്നു ലഹരി ഇടപാട്. അടുത്തിടെ കൊടൈക്കാനാലിൽ നടത്തിയ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. ഇതുപരിഹരിക്കാനാണ് ഷെൽട്ടണെ ജ്യുവൽ പനമ്പിള്ളിനഗറിലേക്ക് വിളിച്ചുവരുത്തിയത്. വാക്കുതർക്കത്തിനൊടുവിൽ കൈയിൽ കരുതിയ എയർഗൺ ജ്യുവൽ ഷെൽട്ടണിന്റെ നേരെ ചൂണ്ടി. ഭയന്നുപോയ ഷെൽട്ടൺ ഓടാൻ ശ്രമിക്കുന്നതിനിടെ ജ്യുവൽ തോക്ക് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ ജ്യുവലിനെ കീഴ്പ്പെടുത്തി പൊലീസിനെ കൈമാറി.
ഏതാനും വർഷം മുമ്പ് എറണാകുളത്ത് നിന്നാണ് ജ്യുവൽ എയർഗൺ വാങ്ങിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി. ഇയാൾ ഉൾപ്പെട്ട ലഹരി ഇടപാടുകൾ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണ്ടതിനാൽ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങുകയാണ് പൊലീസ്. ഇന്ന് അപേക്ഷ സമർപ്പിച്ചേക്കും.