photo
കടമക്കുടിയിൽ കോരാമ്പാടം സർവീസ് സഹകരണ ബാങ്കിന്റെ പൊക്കാളി കൃഷിയുടെ കൊയ്ത്ത് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: കടമക്കുടിയിൽ കോരാമ്പാടം സർവീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ പൊക്കാളി കൃഷിയുടെ വിളവെടുത്തു. നാടൊന്നാകെ ആഘോഷമാക്കിയ കൊയ്ത്ത് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാമാറ്റത്തിന്റെയും കാലംതെറ്റിയ ഋതുക്കളുടെയും ആഘാതം പൊക്കാളിയെ ബാധിക്കാറുണ്ടെങ്കിലും ഇത്തവണ കോരാമ്പാടം ബാങ്കിന്റെ കൃഷിയിലുണ്ടായ നേട്ടം പ്രതീക്ഷാജനകവും പദ്ധതിക്ക് പ്രചോദനം പകരുന്നതുമാണ്.
കടമക്കുടിയിലെ പൊക്കാളികൃഷി പ്രോത്സാഹനത്തിന് നിരവധി കർമ്മപരിപാടികൾ ബാങ്ക് ആവിഷ്‌കരിച്ചിട്ടുണ്ട്. പൊക്കാളി നെല്ല് കർഷകരിൽനിന്നും സംഭരിച്ച് ഗ്രാമിക എന്ന പേരിൽ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി വിപണനം നടത്തുന്നുണ്ട്. പൊക്കാളി അരി, പച്ചരി, പൊക്കാളി പുട്ടുപൊടി, അവൽ, ഹെർബൽ ഉമിക്കരി തുടങ്ങിയവ ഇവയിലുൾപ്പെടുന്നു. മികച്ച വിത്ത് ശേഖരവും ബാങ്കിനുണ്ട്.

അഞ്ചുവർഷത്തിനിടയിലെ ഏറ്റവും മികച്ച വിളവെടുപ്പാണ് ഇത്തവണയുണ്ടായതെന്ന് ബാങ്ക് പ്രസിഡന്റ് ഹരോൾഡ് നിക്കോൾസൺ പറഞ്ഞു. ഇത്തവണ അഞ്ചേക്കർ ഇറക്കിയ കൃഷിയിൽനിന്ന് 3000 കിലോയോളം നെല്ല് ലഭിക്കും. കടമക്കുടിയിലെ മുതിർന്ന വനിതാ കർഷക തൊഴിലാളി മണിയെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിൻ രാജ്, ബ്ലോക്ക് അംഗം മനു ശങ്കർ, എം.കെ. ബാബു, കൊച്ചി ബിനാലെ കോ ഓർഡിനേറ്റർ ബോണി തോമസ്, ടി.കെ. വിജയൻ, ബാങ്ക് ബോർഡ് അംഗങ്ങളായ വി.വി. വിബിൻ, അനിൽകുമാർ, ടി.എ. ജോണി, പഞ്ചായത്ത് അംഗങ്ങളായ പ്രഭിൻ, ബെഞ്ചമിൻ, ജിയ, അലക്‌സ് ആട്ടുള്ളിൽ, പുഷ്പ സതീശൻ, ടി.ജെ. വിൻസെന്റ്, ബാങ്ക് സെക്രട്ടറി ജെ. രശ്മി എന്നിവർ പങ്കെടുത്തു.