കുറുപ്പംപടി: കേരള മുസ്ലീം മഹല്ല് അസോസിയേഷൻ കുന്നത്തുനാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് ആറ് വരെ പെരുമ്പാവൂർ സീമ ഓഡിറ്റോറിയത്തിൽ മതസൗഹാർദ്ദ സംഗമം സംഘടിപ്പിക്കുമെന്ന് രക്ഷാധികാരി ടി.എച്ച്. മുസ്തഫ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മത സൗഹാർദം ഈ കാലഘട്ടത്തിന് അനിവാര്യമാണെന്നും രാജ്യത്ത് നിരപരാധികളായ മനുഷ്യർ കൊല്ലപ്പെടമ്പോൾ പ്രവാചകന്റെ ജന്മദിനം കൊണ്ട് അനുഗ്രഹീതമായ ഈ മാസത്തിൽ മതേതരത്വം കാത്ത് സൂക്ഷിക്കുന്നതിന് പ്രാധാന്യം നൽകിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും പറഞ്ഞു.കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസർ അബ്ദുൽഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അബുദുസമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തും. ഇസ്ലാം സൗഹാർദത്തിന്റെയും സമാധാനത്തിന്റെയും മതം എന്ന വിഷയത്തിൽ മുഹമ്മദ് ഫൈസി ഓണംമ്പിള്ളി പ്രഭാഷണം നടത്തും. സ്വാമി ശിവസ്വരൂപാനന്ദ, മാത്യൂസ് മാർ അപ്രേം മെത്രാപ്പൊലീത്ത, കെ.കെ.കർണ്ണൻ , ഫാദർ. ബാബു കളത്തിൽ, ബെന്നി ബഹനാൻ എം.പി, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക സമുദായ നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും.