school-bus

കൊച്ചി: വിദ്യാർത്ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാൻ സ്കൂൾ/ കോളേജ് വാഹനങ്ങളുടെ മേൽ മോട്ടോർ വാഹനവകുപ്പിന്റെ കർശന നിരീക്ഷണം. കൊവിഡ് മഹാമാരിക്കാലത്ത് ഒന്നര വർഷത്തിലേറെയായി ഓടാതെകിടന്ന എല്ലാ വാഹനങ്ങളും പഴയ ബാറ്ററിയും ടയറും കേടായ സ്പെയർപാട്സുകളും മാറ്റി അറ്റകുറ്റപ്പണികൾ തീർത്ത് ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കണം. ഫസ്റ്ര് എയ്ഡ് ബോക്സ്, ഫയർ എക്സ്റ്റിംഗ്യൂഷർ, പാനിക് ബട്ടൺ, 2015 ന് ശേഷം രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് എമർജൻസി എക്സിറ്റ്, വേഗപരിധി 50 കി.മി സെറ്റ് ചെയ്ത സ്പീഡ് ഗവർണർ, വാഹനങ്ങളുടെ ലൊക്കേഷൻ അറിയുന്നതിന് വി.എൽ.ടി./ ജി.പി.എസ് എന്നിവയെല്ലാം ഫിറ്റ്നസ് പരിശോധനയുടെ ഭാഗമായി നിരീക്ഷിക്കും. എല്ലാ വാതിലുകൾക്കും ഷട്ടറും ജനാലകൾക്കും സമാന്തരമായി കമ്പികളും വേണം.ജനാലകൾക്ക് 70 സെ.മീറ്റർ വീതിയും 55 സെ.മീറ്റർ ഉയരവും വേണം.

പാനിക്ക് ബട്ടൺ

വലിയ ബസിനുള്ളിൽ ഇരുവശങ്ങളിലും വിദ്യാർത്ഥികൾക്ക് കൈ എത്താവുന്ന രീതിയിൽ 3 വീതം 6 പാനിക്ക് ബട്ടണുകൾ ഉണ്ടാവണം. ഈ ബട്ടനിൽ അമർത്തിയാൽ 'സുരക്ഷ മിത്ര വെർച്വൽ കൺട്രോൾ റൂ'മിൽ സന്ദേശം ലഭിക്കും.

സ്കൂൾ അധികൃതർക്കുള്ള നിർദ്ദേശങ്ങൾ

• വിദ്യാർത്ഥികളുടെയും രക്ഷകർത്താവിന്റെയും പേര്, വിലാസം, ഫോൺ നമ്പർ എന്നിവ ലാമിനേറ്റ് ചെയ്ത് പ്രദർശിപ്പിക്കണം.

• ഓരോ സ്കൂളിലും സുരക്ഷിതയാത്രക്കായി സേഫ്ടി ഓഫീസറെ നിയമിക്കണം. വാഹനങ്ങളുടെ നമ്പർ, ഡ്രൈവറുടെ വിവരങ്ങൾ എന്നിവ സൂക്ഷിക്കുകയും ആർ.ടി. ഓഫീസിൽ അറിയിക്കുകയും വേണം.

ഡ്രൈവർമാരുടെ യോഗ്യതകൾ

• സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവർമാർക്ക് 10 വർഷം എൽ.എം.വി, 5 വർഷം ഹെവി പ്രവ‌ൃത്തിപരിചയം നിർബന്ധം.

• വർഷം രണ്ടുതവണയിലധികം റെഡ് സിഗ്നൽ മറികടക്കൽ, ലെയിൻ ഡിസിപ്ലിൻ ലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെയും അമിതവേഗതയിലൊ, മദ്യപിച്ചോ, അപകടകരമായ രീതിയിലോ വാഹനം ഓടിച്ചതിന്റെ പേരിൽ ശിക്ഷക്കപ്പെട്ടവരേയോ സ്കൂൾ വാഹനങ്ങളിൽ നിയോഗിക്കരുത്.

അദ്ധ്യാപകരും പി.ടി.എയും പാലിക്കേണ്ടത്

• രക്ഷിതാക്കളോ അദ്ധ്യാപകരോ വാഹനത്തിൽ യാത്രചെയ്യണം. ജീവനക്കാരെ നിരീക്ഷിക്കാൻ സ്കൂൾ അധികാരികൾ/പി.ടി.എ ഭാരവാഹികൾ മുന്നറിയിപ്പില്ലാതെ വാഹനം പരിശോധിക്കണം

• വാഹനത്തിൽ കുട്ടികളെ കയറ്റാനും ഇറക്കാനും റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നതിനും അറ്റൻഡർ ഉണ്ടാവണം

വാഹനം

വാടക വാഹനങ്ങളിൽ മുന്നിലും പിന്നിലും ഓൺ സ്കൂൾ ഡ്യൂട്ടി എന്ന് ഇംഗ്ലീഷ് ബോർഡ് സ്ഥാപിക്കണം.

എല്ലാ ബുധനാഴ്ചകളിലും സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരശോധനയ്ക്ക് പ്രത്യേക ക്രമീകരണമുണ്ട്. ഏർപ്പെടുത്തിയിട്ടുണ്ട്. പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പാക്കിയ വാഹനങ്ങളിൽ മോട്ടോ‌ർ വാഹനവകുപ്പ് സുരക്ഷാസ്റ്റിക്കർ പതിപ്പിക്കും. ഈ വർഷം മുതൽ സ്കൂൾ/കോളേജ് വാഹനങ്ങളുടെ ഡ്രൈവർമാർക്ക് വെള്ളഷർട്ടും കറുത്തപാന്റും യൂണിഫോം നിർബന്ധമാണ്.

എൻ. വിനോദ് കുമാർ,എം.വി.ഐ നോർത്ത് പറവൂർ