dowery

കൊച്ചി: സ്ത്രീധന പരാതികൾ കൈകാര്യം ചെയ്യാൻ പുതിയ മാർഗ നിർദ്ദേശവുമായി വനിത ശിശു വികസന വകുപ്പ്. വകുപ്പിനു കീഴിലുള്ള ജില്ലാ ഓഫീസ‌ർ‌മാരെ സ്ത്രീധന നിരോധന ഓഫീസ‌‌‌‌ർമാരായി നിയമിച്ചിരുന്നു. ഇവ‌ർക്കുള്ള മാ‌ർഗനി‌ർദ്ദേശങ്ങളാണിവ.

മാർഗനിർദ്ദേശങ്ങൾ

1. 2004ലെ സ്ത്രീധന നിരോധന ചട്ടങ്ങൾ പ്രകാരം പരാതിക്കാരിയോ, മാതാപിതാക്കളോ ബന്ധുക്കളോ ക്ഷേമ സ്ഥാപനങ്ങൾ മുഖേനയോ നേരിട്ടോ ലഭ്യമാക്കുന്ന എല്ലാ പരാതികളും സ്വീകരിക്കണം

2. അന്വേഷണത്തിന്റെ വിശദാംശങ്ങളും തുട‌ർ നടപടി വിവരങ്ങളും രജിസ്റ്ററിൽ സൂക്ഷിക്കണം

3. ഹിയറിംഗിന് പരാതിക്കാരിയോ എതിർകക്ഷിയോ ഹാജരായില്ലെങ്കിൽ ഫയലിൽ രേഖപ്പെടുത്തണം

4. 30 ദിവസത്തിനുള്ളിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കണം

5. പരാതികളിൽ വനിത സംരക്ഷണ ഓഫീസ‌ർ സമയബന്ധിതമായി​ അന്വേഷണം റിപ്പോർട്ട് നൽകണം

6. കോടതിയിലേക്കുള്ള റിപ്പോർട്ട് സൂഷ്മതയോടെ തയാറാക്കി​യെന്ന് ഉറപ്പാക്കണം. ജില്ലാ ജഡ്ജിയെ നേരിൽ കണ്ട് റിപ്പോർട്ട് ഫയൽ ചെയ്യുന്ന കാര്യം അറിയിക്കണം

7. പൊലീസി​ലും കോടതികളി​ലും എത്തുന്ന കേസുകളി​ൽ സജീവമായി​ ഇടപെട്ട് പരാതിക്കാരിക്ക് നീതി ഉറപ്പാക്കണം

8. മാസം 5-ാം തീയതിക്കു മുമ്പായി പ്രതിമാസ റിപ്പോർട്ട് സമർപ്പിക്കണം

9. ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണം

10. പരാതികളി​ൽ വനിത സംരക്ഷണ ഓഫീസർ ലഭ്യമാക്കേണ്ട പരിഹാര മാർഗങ്ങൾ, പൊലീസ് നടപടിയുടെ ആവശ്യകത എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ ബന്ധപ്പെട്ടവർക്ക് റഫർ ചെയ്യണം

സ്ത്രീധന നിരോധനം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. പരാതിക്കാരിക്ക് നീതി ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും വകുപ്പിൽ നിന്നും ഉണ്ടാകും.

അനിറ്റ എസ്.ലിൻ, അസി.ഡയറക്ടർ, വനിത ശിശു വികസന വകുപ്പ്