കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിലെ മറ്റക്കുഴി - ഷാപ്പുംപടി - പാലാൽപടി റോഡിലെ യാത്ര ദുരിതത്തിൽ. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ മറ്റക്കുഴി ഷാപ്പുംപടിയിൽനിന്ന് തിരിയുന്ന റോഡ് അറ്റകുറ്റപ്പണി പോലും നടത്താത്ത പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരേ പ്രതിഷേധം ശക്തമാണ്. മൂന്നു കിലോമീറ്ററിലധികം വരുന്ന റോഡ് പത്ത് വർഷത്തോളമായി ടാറിംഗ് നടത്തിയിട്ട്. മഴ ശക്തമായതോടെ റോഡ് സഞ്ചാര യോഗ്യമല്ലാതായി. ദേശീയപാതയിൽനിന്ന് തിരിഞ്ഞാൽ വെണ്ണിക്കുളം, ചെമ്മനാട്, വണ്ടിപ്പേട്ട, ചോറ്റാനിക്കര ഭാഗങ്ങളിലേക്ക് പോകാനുള്ള എളുപ്പവഴി കൂടിയാണിത്.സ്വകാര്യ കമ്പനികളിലേക്ക് വരുന്ന കണ്ടെയ്‌നർ ലോറികളും ക്രഷർ യൂണിറ്റുകളിൽ നിന്ന് പാറമണലും കല്ലുകളുമായി ടോറസുകളും ഇതുവഴിയാണ് പോകുന്നത്. റോഡ് തകർന്നതോടെ മറ്റ് ഇട റോഡുകളെ ആശ്രയിക്കുകയാണ് സ്ഥിരം യാത്രക്കാർ. വെണ്ണിക്കുളം, കുംഭപ്പിള്ളി, തിരുവാണിയൂർ ഭാഗത്തുള്ളവർക്ക് എറണാകുളം, കോലഞ്ചേരി ഭാഗത്തേക്ക് വരാൻ ദേശീയപാതയിലെത്താനുള്ള എളുപ്പവഴി കൂടിയാണിത്.