കൊച്ചി: ബ്രഹ്മപുരത്ത് നിലവിൽ മാലിന്യസംസ്കരണം നടത്തുന്ന പ്ളാന്റിന്റെ നടത്തിപ്പ് സംബന്ധിച്ച തീരുമാനം വൈകുന്നു. ഇന്ന് നടക്കുന്ന കൗൺസിൽ യോഗത്തിന്റെ അജണ്ടയിൽ ഇക്കാര്യം പരാമർശിച്ചിട്ടില്ല. പ്ലാന്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായി പത്തുദിവസത്തിനകം സ്പെഷ്യൽ കൗൺസിൽ വിളിക്കുമെന്ന് കഴിഞ്ഞ സെപ്തംബർ ആറിന് മേയർ പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ കൗൺസിലാണ് ഇന്നത്തേത് . മെയിൻ ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള ഫയലുകളാണ് അജണ്ടയിലുള്ളത്.
നിലവിലെ പ്ളാന്റ് നടത്തിപ്പിനായി മേയ് അഞ്ചിന് വിളിച്ച ടെൻഡറിൽ നാലു കമ്പനികൾ പങ്കെടുത്തിരുന്നു. ടെക്‌നോ സ്റ്റാർ എന്ന കമ്പനിയാണ് സാങ്കേതികയോഗ്യത നേടിയത്. മലപ്പുറം, ഒറ്റപ്പാലം മുനിസിപ്പാലിറ്റികളിലെ മാലിന്യ സംസ്‌കരണപ്ലാന്റ് പ്രവർത്തിപ്പിച്ച് പരിചയമുണ്ടെന്ന രേഖകളാണ് കമ്പനി നൽകിയത്. എന്നാൽ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചതിനെത്തുടർന്ന് ഇക്കാര്യം പരിശോധിക്കുന്നതിനായി മേയർ എം.അനിൽകുമാർ ആരോഗ്യസ്ഥിരംസമിതിയെ ചുമതലപ്പെടുത്തി.
സമിതി ചെയർമാൻ ടി.കെ.അഷ്‌റഫ് നടത്തിയ അന്വേഷണത്തിൽ കമ്പനിയുടെ പ്രവൃത്തിപരിചയ രേഖകൾ ആധികാരികമാണെന്ന് സ്ഥിരീകരിച്ചു. ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുന്നതിന് സമിതി കൗൺസിലിന് ശുപാർശ നൽകിയിട്ടും വിഷയം അജണ്ടയിൽ വന്നില്ല.
എതിർപ്പുമായി ഓഡിറ്റ് വിഭാഗം
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പിഴവുകളുടെ പേരിൽ മലിനീകരണ നിയന്ത്രണ ബോർഡ് കോർപ്പറേഷന് നേരത്തെ ഒരുകോടി രൂപ പിഴ ചുമത്തിയിരുന്നു. മാലിന്യത്തിൽ നിന്നൂറിവരുന്ന വെള്ളം കടമ്പ്രയാറിനെ മലിനമാക്കുമെന്നതിനാൽ ദേശീയ ഹരിത ട്രിബ്യൂണലും കോർപ്പറേഷനെ പ്രതിക്കൂട്ടിലാക്കി.
നിലവിൽ മാലിന്യസംസ്കരണം നടത്തുന്ന കമ്പനി 2011 മുതൽ ടെൻഡറില്ലാതെ തുടരുന്നതിനെതിരെ ഓഡിറ്റ് വിഭാഗവും രംഗത്തെത്തിയതോടെ പ്രതിസന്ധി മൂർച്ഛിച്ചു. ബ്രഹ്മപുരത്ത് പ്ലാന്റ് സ്ഥാപിക്കാത്തപക്ഷം കൗൺസിലർമാർ പിഴയടക്കമുള്ള ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന് സെക്രട്ടറി അറിയിച്ചു.
പുതിയ പ്ലാന്റിന്റെ
രൂപരേഖയായി
പഴയ പ്ലാന്റ് നിലംപൊത്താറായതിനാൽ അവിടെ പുതിയ പ്ലാന്റ് നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് കോർപ്പറേഷൻ. അതിനായി വിശദ പദ്ധതിരേഖ തയ്യാറാക്കുന്നതിന് എസ്റ്റീം ഡെവലപ്പേഴ്‌സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡി.പി.ആർ തയ്യാറാക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്. പത്തേക്കർ സ്ഥലത്ത് വലിയ ഷെഡ്ഡ് കെട്ടി ഇപ്പോഴുള്ള മാതൃകയിൽത്തന്നെ പുതിയ മെഷിനറി വച്ച് മാലിന്യ സംസ്‌കരണം നടത്താനാണ് ലക്ഷ്യമിടുന്നത്. ഒമ്പതുകോടിയോളം രൂപ ജനകീയാസൂത്രണ ഫണ്ടിൽ ഇതിനായി നീക്കിവെച്ചിട്ടുണ്ട്. ഒരു വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശം.