മൂവാറ്റുപുഴ: സൈക്കിളിൽ ഭാരത പര്യടനം നടത്തിതിരിച്ചെത്തിയ യുവാക്കൾക്ക് ഊരമന വൈ.എം.എ ലൈബ്രറിയുടേയും ആക്കോസ് ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഊരമന ശിവലി പിഷാരത്ത് അഖിൽ നവനീതൻ, തമ്മാനിമറ്റം കാട്ടുമറ്റത്തിൽ കെൽവിൻ കെന്നഡി എന്നീ യുവാക്കൾക്കാണ് വരവേൽപ്പ് നൽകിയത്. ലൈബ്രറി അങ്കണത്തിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടി അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടർന്ന് എം.എൽ.എ മൊമന്റോനൽകി യുവാക്കളെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ. പി. ജോർജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മേഴ്സി എൽദോസ് , എബിൻ കോടിയാട്ട്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ, അലൻ എന്നിവർ സംസാരിച്ചു. 55ദിവസം നീണ്ടുനിന്ന ഭാരതപര്യടത്തിൽ 4500 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ചാണ് ഭാരതം മുഴുവൻ ചുറ്റി സഞ്ചരിച്ചത്. കെരളം ,കർണ്ണാടകം, ഗോവ, രാജസ്ഥാൻ, ഗുജറാത്ത് , മഹാരാഷ്ട്ര, ജമ്മുകാശ്മീർ, ഹരിയാന, പഞ്ചാബ്, തുടങ്ങി പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെ പ്രധാന കേന്ദങ്ങളിലെല്ലാം സൈക്കിളിൽ തന്നെ സഞ്ചരിച്ച് ഓരോസംസ്ഥാനത്തേയും ആളുകളേയും ജീവിതരീതികളേയും തൊഴിൽ മേഖലേയും പറ്റി മനസിലാക്കുകയും ചെയ്തതായി അഖിലും ,കെൽവിനും പറഞ്ഞു. കൊലഞ്ചേരിയിൽന്നാണ് യാത്ര ആരംഭിച്ചത്. കാശ്മീരിലെ ലഡാക്കിൽ 17982 അടി ഉയരമുള്ള ഖർദ്ദുങ്കൽ സന്ദർശിച്ചാണ് മടങ്ങിയത്. സൈക്കിൾ സഞ്ചാരികൾ ഓരോദിവസവും പെട്രോൾ പമ്പുകളിൽ താമസിച്ചാണ് യാത്രപുറപ്പെട്ടത്. ജമ്മുകാശ്മീരിൽ എത്തിയപ്പോൾ ഇന്ത്യൻ സൈനികരുടെ എല്ലാവിധത്തിലുള്ള സഹായവും ലഭിച്ചതായി ഇരുവരും പറഞ്ഞു. ഇന്ത്യയിലെ ഇനിയും ചെന്നെത്താൻ കഴിയാത്ത ഭൂപ്രദേശങ്ങളിൽ പോകുന്നതിനാണ് അടുത്ത തയ്യാറെടുപ്പെന്ന് ഇരുവരും അറിയിച്ചു.