അഞ്ചു വർഷത്തിനകം

10,000 പേർക്ക് തൊഴിൽ

മൂവാറ്റുപുഴ: ഡെന്റൽ ടെക്നീഷ്യൻ മേഖലയിൽ ധാരാളം തൊഴിലവസരങ്ങളുണ്ടെങ്കിലും ഡെന്റൽ ടെക്നീഷ്യൻ കോഴ്സ് പഠിച്ചവരെ വേണ്ടത്ര ലഭ്യമല്ലെന്ന് ഡെന്റ് കെയർ ഡയറക്ടർ എൽദോസ് കെ വർഗീസ് പറഞ്ഞു. ഡെന്റ് കെയറിൽ ജോലി ചെയ്യുന്ന നാലായിരത്തോളം ജീവനക്കാരിൽ ഭൂരിഭാഗവും അവിടെ വന്ന് വിദഗ്ദ്ധ പരിശീലനം നേടിയവരാണ്.

ഗുണനിലവാരമുള്ള പരിശീലന കേന്ദ്രങ്ങളുടെ അഭാവം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന മൂവാറ്റുപുഴ ഡെന്റ് കെയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ ടെക്നോളജിയുടെ ഉദ്ഘാടനം 24 ന് രാവിലെ 11ന് ഇൻസ്റ്റിറ്റ്യൂട്ടിലെ റെയിൻബോ ഹാളിൽ വ്യവസായമന്ത്രി പി രാജീവ് നിർവ്വഹിക്കും. ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി, ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ്, ഐ.ഡി.എ കേരള പ്രസിഡന്റ് ഡോ. ജോസഫ്, സെക്രട്ടറി ഡോ. ദീപു ജേക്കബ് എന്നിവർ സംസാരിക്കും.

ദ്വിവത്സര ഡിപ്ലോമ കോഴ്സ്, ഒരു വർഷവും ആറു മാസവും വീതം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയാണ് തുടങ്ങുന്നത്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ബി.എസ്.എസ് ആണ് കോഴ്സിന് സർട്ടിഫിക്കറ്റ് നൽകുന്നത്.

കോഴ്സ് പാസാകുന്ന 100 ശതമാനം പേർക്കും ഡെന്റ് കെയർ ജോലി നൽകുമെന്നും അഞ്ചു വർഷത്തിനുള്ളിൽ പതിനായിരം പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനമായി ഡെന്റ് കെയർ മാറുമെന്നും ഡെന്റ് കെയർ ഫൗണ്ടേഷൻ ചെയർമാൻ ജോൺ കുര്യാക്കോസ് അറിയിച്ചു.

വാർത്താസമ്മേളനത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഡോ. ജോർജ് അബ്രഹാം, ഡെന്റ് കെയർ ആർ ആൻഡ് ഡി ഹെഡ് എബിൻ ജോൺസ് രാജു എന്നിവരും പങ്കെടുത്തു