1
പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പട്ടി

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ മേഖലയിൽ പുലിയിറങ്ങി. കഴിഞ്ഞ ദിവസം മാണിക്കൽ കാർത്യായനിയുടെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന പട്ടിയെ പുലി കടിച്ചു കൊന്നു. കാട്ടാനകളും പന്നികളെയും കൊണ്ട് പൊറുതിമുട്ടി ദുരിതം പേറുന്ന കോട്ടപ്പടിയിൽ പുലി ഇറങ്ങിയത് ഭീതിയുണർത്തി. കഴിഞ്ഞദിവസം രാത്രി 9 മണിയോടുകൂടി പട്ടിക്ക് ആഹാരം കൊടുത്തതിനുശേഷം വീടിനുള്ളിലേക്ക് പോയ ഉടനെ തന്നെ പട്ടിയുടെ നിലവിളി കേട്ടു. വാതിൽ തുറന്നു നോക്കിയപ്പോൾ പുലി പട്ടിയെ കഴുത്തിനു പിടിച്ച് മറിച്ചിടുന്നതാണ് കണ്ടതെന്ന് കാർത്യയനി പറഞ്ഞു. ഉച്ചത്തിൽ കതകിൽ അടിച്ചും ഉറക്കെ നിലവിളിച്ചതുകൊണ്ട് പുലി തിരിഞ്ഞു ഓടിപ്പോയി. ചങ്ങലയിൽ കെട്ടിയിട്ടിരുന്നത് കൊണ്ട് പട്ടിയെ വലിച്ചു കൊണ്ടുപോകാൻ പുലിക്ക് കഴിഞ്ഞില്ല. ആനയുടെ ശല്യം കാരണമാണ് പട്ടിയെ വീടിനുമുന്നിൽ കെട്ടിയിട്ടിരിക്കുന്നത്. ആന വരുമ്പോഴേക്കും കുരച്ചു വീട്ടുകാരെ എണീപ്പിക്കുന്നത് പട്ടിയായിരുന്നു. രണ്ടുദിവസം മുന്നേ ഒരു വീട്ടിൽനിന്നും കോഴിയെ പിടിച്ചുകൊണ്ടുപോയത് പുലി തന്നെ എന്നാണ് നാട്ടുകാരുടെ നിഗമനം. രാത്രി തന്നെ ഫോറസ്റ്റുകാർ എത്തി പുലിയാണ് അക്രമിച്ചതെന്ന് ഉറപ്പിച്ചു. വൈൽഡ് വാർഡന്റെ അനുമതി ലഭിച്ചാൽ കെണി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഫോറസ്റ്റുകാർ.

നിരന്തരമായ വന്യമൃഗശല്യം ഉള്ള സ്ഥലമാണ് കോട്ടപ്പടി. പുലിയുടെ ആക്രമണം ആദ്യമായിട്ടാണ് കോട്ടപ്പടിയിൽ റിപ്പോർട്ട് ചെയ്യുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു കെണി ഒരുക്കാനുള്ള ശ്രമത്തിലാണ്. പുലിയെ എത്രയും വേഗം പിടിക്കാനുള്ള സാധ്യമായ മാർഗങ്ങളെല്ലാം തേടും.

മിനി ഗോപി, കോട്ടപ്പടി പഞ്ചായത്ത്‌ പ്രസിഡന്റ്‌