കൊച്ചി: സന്തോഷ് ബർലിൻ കാഴ്ചയുടെ ലോകത്തിനായി കാത്തിരിക്കുകയാണ്. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് സ്നേഹക്കൂടിന്റെ തണലിൽ സന്തോഷിന്റെ അന്ധതയുടെ കൺകെട്ടഴിയുകയാണ്. എട്ടുമാസം മുമ്പാണ് കോട്ടയം ബേക്കർ ജംഗ്ഷനിൽ സ്നേഹക്കൂട് എന്ന അഭയകേന്ദ്രം നടത്തുന്ന നിഷയ്ക്കും അനുരാജിനും കോട്ടയം താലൂക്ക് ആശുപത്രി പരിസരത്തു നിന്ന് സന്തോഷ് ബർലിനെ ലഭിക്കുന്നത്. ബന്ധുക്കൾ ഉപേക്ഷിച്ച, രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത ഫോർട്ടുകൊച്ചി സ്വദേശിയായ സന്തോഷിനെ നിഷ ഏറ്റെടുത്തു. കണ്ണിന് കാഴ്ച തിരിച്ചു കിട്ടാൻ ചികിത്സ ആരംഭിച്ചു. എന്നാൽ വില്ലനായി കൂടെ ടി.ബി എത്തി. 6 മാസത്തെ വിദഗ്ദ്ധ ചികിത്സയുടെ ഫലമായി രോഗം ഭേദമായി. ഇന്നലെ കണ്ണിന്റെ ശസ്ത്രക്രിയ കഴിഞ്ഞു. ഇനി ഏതാനും ദിവസത്തിനുള്ളിൽ കണ്ണിന്റെ കെട്ടഴിക്കും. കാഴ്ച തിരികെ ലഭിക്കുന്ന വാർത്ത അറിഞ്ഞ് ബന്ധുക്കൾ തങ്ങളുടെ അച്ഛനെ തിരികെ കൊണ്ടുപോകും എന്ന വിശ്വാസത്തിലാണ് നിഷയും സഹപ്രവർത്തകരും.