pic
ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ മുമ്പിൽ ആദിവാസി കുടുംബങ്ങൾ സമരം ചെയ്യുന്നു

കോതമംഗലം: സർക്കാർ ഇടപെട്ട് തങ്ങളെ പുനരധിവസിപ്പിച്ചില്ലെങ്കിൽ നിലവിൽ താമസിക്കുന്ന ട്രൈബൽ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങില്ലെന്ന് അറാക്കാപ്പ് ആദിവാസി കുടുബങ്ങൾ. ജൂലായ് ആറാം തീയതി ജീവൻ പണയം വെച്ച് 28 കിലോമീറ്റർ പുഴയിലൂടെ ചങ്ങാടം തുഴഞ്ഞ് ഇടമലയാറിന്റെ തീരമണഞ്ഞവരാണിവർ. വൈശാലി ഗുഹയ്ക്ക് സമീപം കുടിൽ കെട്ടിയ ആദിവാസി കുടുംബങ്ങളെ അനുനയിപ്പിച്ച് താമസിപ്പിച്ച സ്ഥലമാണ് ട്രൈബൽ ഹോസ്റ്റൽ. നവംബർ ഒന്നാം തീയതി സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച് ട്രൈബൽ ഹോസ്റ്റലിലെ കുട്ടികളെത്തും. അതിനു മുന്നോടിയായി ട്രൈബൽ ഹോസ്റ്റൽ ഒഴിയണമെന്നുള്ള കത്ത് ട്രൈബൽ ഡിപ്പാർട്ട്മെന്റ് ഊരിലെ മൂപ്പന് നൽകിയിട്ടുണ്ട്. ഇരുപത്തിയഞ്ചാം തീയതിക്ക് മുന്നോടിയായി തീരുമാനമറിയിക്കണമെന്നാണ് ട്രൈബൽ ഓഫീസർ അറിയിച്ചിരിക്കുന്നത്. ജില്ലാ കളക്ടർ നേരിട്ടുവന്ന് തങ്ങളുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ ഹോസ്റ്റലിൽ നിന്നും ഒഴിയില്ലെന്ന് ആദിവാസി കുടുംബങ്ങൾ ഒന്നടങ്കം പറഞ്ഞു. നാളിതുവരെ യാതൊരുവിധ നടപടിയും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. തങ്ങൾക്ക് ഇറങ്ങിപ്പോകാൻ വേറെ ഇടവുമില്ല.

ജില്ലാ കളക്ടർ നേരിട്ട് വരുമെന്ന് തന്നെയാണ് വിശ്വാസം. തങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്താൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല. ഞങ്ങൾ സ്വമേധയാ ഇവിടെ നിന്നും ഇറങ്ങാൻ തീരുമാനിച്ചിട്ടില്ല. പൊലീസെത്തി ബലമായി ഇറക്കി വിട്ടോട്ടെ.

തങ്കപ്പൻ പഞ്ചൻ, ഊരു മൂപ്പൻ

ജില്ലാ കളക്ടർ ഇടപെട്ട് ആദിവാസികൾക്ക് താത്കാലിക പുനരധിവാസം ഉറപ്പാക്കണം. ആദിവാസികളെ പറഞ്ഞു പറ്റിക്കാൻ ഇനിയും അനുവദിക്കില്ല. ലക്ഷ്യം കാണുന്നതുവരെ അറാക്കാപ്പ് ആദിവാസി കുടുംബങ്ങൾ ഒപ്പം തന്നെ ഉണ്ടാകും.

ചിത്ര നിലമ്പൂർ, പ്രസിഡന്റ്‌ ആദിവാസി ഐക്യവേദി