കൊച്ചി: വൈപ്പിൻ ബ്ലോക്കിൽ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി അങ്കണവാടികൾക്ക് ശിശുസൗഹൃദ പച്ചക്കറിതോട്ടം പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ നിർവഹിച്ചു. കുട്ടികളിൽ ചെറുപ്രായം മുതൽ തന്നെ കൃഷിയിൽ താല്പര്യം വളർത്തുന്നതിനും ജൈവ കൃഷിരീതികൾ പ്രചരിപ്പിക്കുന്നതിനുമായാണ് പദ്ധതി. വൈപ്പിൻ ബ്ലോക്കിന് കീഴിൽ പള്ളിപ്പുറം, കുഴിപ്പിള്ളി, ഞാറയ്ക്കൽ, എടവനക്കാട്, നായരമ്പലം പഞ്ചായത്തുകളിലെ 85 അങ്കണവാടികൾക്ക് 15 മൺച്ചട്ടികളിലായി പച്ചക്കറിത്തൈകൾ നട്ടു നൽകിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഞാറക്കൽ പഞ്ചായത്ത് സെന്റ് ആന്റണീസ് അങ്കണവാടിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് വൈസ് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. സാജിത് അദ്ധ്യക്ഷനായി. ഞാറക്കൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ സൂസമ്മ പി.വി.പദ്ധതി വിശദീകരണം നടത്തി. സുബോധ ഷാജി, ഇ.കെ. ജയൻ, വി.പി. ഷിബു, അഗസ്റ്റിൻ മണ്ടോത്ത്, പ്രഷീല സാബു, ഐ.സി.ഡി.എസ് സൂപ്രവൈസർ, അങ്കണവാടി അദ്ധ്യാപക തുടങ്ങിയവർ പങ്കെടുത്തു.