• ഫോർട്ടുകൊച്ചിയും മട്ടാഞ്ചേരിയും നാശത്തിന്റെ വക്കിൽ
• പൈതൃക മന്ദിരങ്ങളും സ്മാരകങ്ങളും ഇല്ലാതാകുന്നു.
ഫോർട്ടുകൊച്ചി: ചരിത്രം ഉറങ്ങുന്ന ഫോർട്ടുകൊച്ചി- മട്ടാഞ്ചേരി മേഖലയിലെ പൈതൃകമന്ദിരങ്ങളും സ്ഥാപനങ്ങളും ഒന്നൊന്നായി ഇല്ലാതാകുന്നു. ലോകമെമ്പാടുനിന്നും ടൂറിസ്റ്റുകളെ കൊച്ചിയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകമാണ് ഈ പൈതൃക സ്മാരകങ്ങൾ. ജൂതപ്പള്ളികളും കൊട്ടാരങ്ങളും പുരാതന ക്ഷേത്രങ്ങളും പാണ്ടികശാലകളും നിറഞ്ഞ ഡച്ച് ചരിത്ര സ്മാരകങ്ങളും നിലകൊള്ളുന്നതാണ് മട്ടാഞ്ചേരി.
കണ്ടിരിക്കേണ്ട ലോകത്തിലെ പത്തു നഗരങ്ങളിലൊന്നായി 2019ൽ കൊച്ചിയേയും ലോൺലീ പ്ലാനറ്റ് തിരഞ്ഞെടുത്തെങ്കിലും ഇതിന്റ സാദ്ധ്യതകൾ മുതലെടുക്കാൻ സർക്കാർ സംവിധാനങ്ങളൊന്നും ഉണർന്നില്ല.
ചരിത്രമുറങ്ങുന്ന പല പൈതൃകമന്ദിരങ്ങളും സ്വകാര്യ വ്യക്തികളുടെയും സംഘടനകളുടെയും കൈവശമാണ്. ദീർഘവീക്ഷണവും വികസനകാഴ്ചപ്പാടും പ്രായോഗിക പ്രവർത്തനരീതിയും വകുപ്പുകളുടെ ഏകോപനമില്ലായ്മയും പൗരാണിക നഗരിയെ നാശത്തിലേക്ക് കൊണ്ടുപോവുകയാണ്.
വികസനപേരിൽ തകർക്കപ്പെടുന്ന ചരിത്രസ്മാരകങ്ങൾ
വിലമതിക്കാത്ത ചരിത്ര സ്മാരകങ്ങൾ തിരിച്ചെടുക്കാൻ കഴിയാത്തവണ്ണം തകർക്കപ്പെടുന്നുണ്ട്. ഇത് ഇനിയും തുടർന്നാൽ ലോക ടൂറിസത്തിന്റ മുന്നിൽ കൊച്ചിക്ക് ഹെറിട്ടേജ് നഗരമെന്ന പ്രശസ്തി നഷ്ടമാകും.
ഡി.ടി.പി.സി, ഫോർട്ടുകൊച്ചി ഹെറിറ്റേജ് സോൺ, ടൂറിസം വകുപ്പ്, സംസ്ഥാന പുരാവസ്തു വകുപ്പ്, കേന്ദ്ര ആർക്കിയോളജി വകുപ്പ്, ഉത്തരവാദിത്വ ടൂറിസ മിഷൻ, കൊച്ചി കോർപ്പറേഷൻ, കുടുംബശ്രീ, വാട്ടർ മെട്രോ തുടങ്ങി നിരവധി ഏജൻസികൾ യാതൊരു ദിശാബോധവുമില്ലാതെയാണ് കൊച്ചിക്കായി ടൂറിസം കൈകാര്യം ചെയ്യുന്നത്.
ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, ഇടക്കൊച്ചി, കുമ്പളങ്ങി, ചെല്ലാനം തുടങ്ങി ടൂറിസം മാപ്പിൽ ഇടം പിടിച്ചിട്ടുള്ള സ്ഥലങ്ങളെ ഉൾക്കൊള്ളിച്ച് കൊച്ചി ഹെറിട്ടേജ് ടൂറിസം വികസന അതോറിട്ടിക്ക് രൂപം നൽകണമെന്നാണ് ആവശ്യം.
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡി. ടി.പി.സി) ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് ഇതു സംബന്ധിച്ച് കേരള ഹാറ്റ്സ് ഡയറക്ടർ എം. പി.ശിവദത്തൻ നിവേദനം നൽകിയിട്ടുണ്ട്.
ഇല്ലാതാകുന്ന സ്മാരകങ്ങൾ
ഓടത്ത കവാടം, മലബാർ ജൂത സെമിത്തേരി, ഡച്ചു സെമിത്തേരി, പരേഡ്ഗ്രൗണ്ട്, അരിയിട്ടു വാഴിച്ച കോവിലകം, ഹരിഷേണായ് ബംഗ്ലാവ്, സെന്റ് ഫ്രാൻസിസ് പള്ളി, ചീനവലകൾ, വാസ്കോഡഗാമ സ്ക്വയർ, ചെമ്പിട്ടപള്ളി, ഡച്ചുപാലസ്, സർക്കാർ കൈവശമുള്ള ഹെറിട്ടേജ് കെട്ടിടങ്ങൾ,15 സെറ്റിൽമെന്റ് കോളനികൾ, ബസാർ സ്ട്രീറ്റ്, കൽവത്തി, ജ്യൂ ടൗൺ, പാലസ് റോഡ്.