wild-elephant

എന്ത് കൃഷിചെയ്താലും നൂറുമേനി വിളയുന്ന മണ്ണാണ്. പറഞ്ഞിട്ടെന്താകാര്യം ! കാട്ടാനശല്യം കാരണം നാട്ടുകാർ കൃഷി ഉപേക്ഷിക്കുകയാണെന്ന് മാത്രമല്ല സ്വന്തം കൃഷി ദേഹണ്ഡങ്ങൾ സ്വയം വെട്ടിനശിപ്പിക്കുകയാണ്.

അതും ഒരുതരം പ്രതിഷേധമാണ്. കുട്ടമ്പുഴയി​ലെ അസംഘടിതരായ മലയോര കർഷകന്റെ നിശബ്ദ പ്രതിഷേധം.

കൊച്ചി: കുട്ടമ്പുഴ ടൗണിൽ നിന്ന് കഷ്ടിച്ച് അരകിലോമീറ്റർ അകലെയാണ് അഭിഭാഷകൻ കൂടിയായ കർഷകൻ ദേവസ്യയുടെ അ‌ഞ്ചരയേക്കർ കൃഷിയിടം. ഇവിടെനിന്ന് വനാതിർത്തിയിലേക്ക് ഒരു കിലോമീറ്ററിലേറെ ദൂരമുണ്ട്. അടുത്തകാലം വരെ ഈ പ്രദേശത്തേക്ക് ആന എത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ തെങ്ങ്, കവുങ്ങ്, റബർ, വാഴ തുടങ്ങി നല്ലനിലയിൽ കൃഷിചെയ്തിരുന്നു. വേനൽക്കാലത്ത് തോട്ടം നനയ്ക്കാൻ വലിയ മോട്ടറും പമ്പുസെറ്റും സ്ഥാപിച്ച് 3 ഫേസ് വൈദ്യുതി കണക്ഷനും എടുത്തു.

അതിനിടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് കാട്ടാനകൂട്ടം എത്തി. ആകെയുണ്ടായിരുന്ന 400 കവുങ്ങിൽ 300 എണ്ണവും, ചൊട്ടയിട്ട് തുടങ്ങിയ 25 തൈതെങ്ങും ചവിട്ടിമെതിച്ചു. പറമ്പിന്റെ മറ്റൊരു ഭാഗത്ത് കായ്ക്കുന്ന 70 വലിയ തെങ്ങുകൾ വേറെയുമുണ്ടായിരുന്നു. അതിൽ 20 എണ്ണം ആന ചവിട്ടിമറിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടാക്കിയത്. അതോടെ ബാക്കിയുണ്ടായിരുന്ന 100 കവുങ്ങ് സ്വയം വെട്ടിക്കളഞ്ഞു. തീറ്റയ്ക്ക് ഒന്നുമില്ലെങ്കിൽ ആന വരാതിരിക്കുമല്ലൊ എന്നാണ് കരുതിയത്. പക്ഷേ അതുകൊണ്ടും കാര്യമുണ്ടായില്ല. ബാക്കിയുള്ള 50 തെങ്ങ് ലക്ഷ്യം വച്ച് ആനക്കൂട്ടം വീണ്ടുമെത്തി. വലിപ്പമുള്ള തെങ്ങായതുകൊണ്ട് മസ്തകം അമർത്തിതള്ളിയാണ് പിഴുതുമറിക്കാൻ ശ്രമിക്കുന്നത്. അതോടെ തേങ്ങയും കരിക്കുമെല്ലാം താഴെവീഴും. തെങ്ങിൻ തടിയിൽ ആനയുടെ പൊക്കത്തിൽ മുള്ളുകമ്പി ചുറ്റിവരിഞ്ഞാണ് താത്കാലിക പരിഹാരമുണ്ടാക്കിയത്.

പൂയംകുട്ടി, ഉരുളൻതണ്ണി, ഒന്നാംപാറ ഭാഗങ്ങളിലും ആനശല്യം രൂക്ഷമാണ്. പടക്കം പൊട്ടിച്ചാലോ ശബ്ദമുണ്ടാക്കിയാലോ ആനകൾ പോകില്ല. അഥവാ പിൻവാങ്ങിയാലും അരമണിക്കൂറിനകം തിരിച്ചുവരും.

ചക്കയുടെ സീസണായാൽ പ്ലാവുള്ള പറമ്പിൽനിന്ന് ആനകൾ കാവലാണ്. ആനയെപ്പേടിച്ച് പ്ലാവും ആഞ്ഞിലിയുമൊക്കെ വെട്ടിമാറ്റാമെന്ന് വിചാരിച്ചാൽ വനംവകുപ്പ് അനുവദിക്കുകയുമില്ല. ചെകുത്താനും കടലിനും നടുക്ക് അകപ്പെട്ട അവസ്ഥയിലാണ് കർഷകർ.

1969ലെ എൽ.എ നിയമപ്രകാരം പട്ടയം കിട്ടിയ ഭൂമിയിൽ കർഷകർ നട്ടുവളർത്തിയ മരങ്ങൾപോലും വെട്ടാൻ അനുമതിയില്ല. എന്നാൽ ആന വരാതിരിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞാലൊ അതിനും പരിഹാരമില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട് വന്യമൃഗങ്ങളെക്കാൾ ഉപദ്രവകരമാണെന്നാണ് കർഷകരുടെ അഭിപ്രായം. പരസ്യമായി പ്രതികരിക്കാൻ ആരും തയ്യാറല്ല. വനംവകുപ്പ് കള്ളക്കേസിൽ കുടുക്കുമെന്ന ഭയമാണ് ആളുകൾക്ക്. ജനങ്ങളും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിക്കുന്നതുകൊണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ചില നേട്ടങ്ങളൊക്കെയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്...(തുടരും)

വാക്ക് പാഴ്വാക്കായി

ഒന്നരവർഷം മുമ്പ് പൂയംകുട്ടിയിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കുളത്തിൽ വീണ കാട്ടാനയെ രക്ഷിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ ഉപരോധിച്ചു. വനാതിർത്തിയിൽ കിടങ്ങ് നിർമ്മിക്കാമെന്ന് ഉറപ്പ് നൽകിയാൽ മാത്രമേ ആനയെ രക്ഷി​ക്കാൻ അനുവദിക്കൂ എന്നായിരുന്നു നിലപാട്. ആറ് മാസത്തിനകം കിടങ്ങ് നിർമ്മിക്കാമെന്ന് റേഞ്ച് ഓഫീസർ രേഖാമൂലം ഉറപ്പുനൽകിയിട്ട് ഒന്നരവർഷം കഴിഞ്ഞു. അതിനിടെ നിരവധി തവണ കാട്ടാനകൾ വരികയും പോവുകയും ചെയ്തു.